നിലമ്പൂരിൽ പി.വി അൻവറിനെ അനുനയിപ്പിക്കാൻ നീക്കം തുടർന്ന് കോൺഗ്രസ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് രാഹുൽ ഒതായിയിലെ വീട്ടിലെത്തിയത്. രാഹുൽ അൻവറുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് കിട്ടി. യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ് നേതാവ് നേരിട്ട് എത്തിയത്. അൻവർ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷമാണ് രാഹുലിന്റെ കൂടിക്കാഴ്ച.
അതേസമയം, വി.ഡി. സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമായിരുന്നു അൻവർ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് നിലമ്പൂരിൽ മത്സരിക്കുന്ന കാര്യത്തിൽ അൻവർ മലക്കം മറിഞ്ഞു. രാവിലെ മത്സരിക്കില്ലെന്ന് പറഞ്ഞ അൻവർ വൈകിട്ടായതോടെ മത്സരിക്കാൻ ആലോചിക്കുന്നതായി അറിയിച്ചു.
യുഡിഎഫ് ഏറെക്കുറെ കൈവിട്ടതോടെ മുന്നണി പ്രവേശ സാധ്യത അടക്കം അവസാനിച്ച മട്ടാണ്. ലക്ഷങ്ങള്‍ വരുമാനമുണ്ടായിരുന്ന തന്നെ വട്ടപ്പൂജ്യത്തിലേക്ക് എത്തിച്ചെന്നും മല്‍സരിക്കണമെങ്കില്‍ പണം വേണം അത് തന്‍റെ കൈവശമില്ലെന്നും അന്‍വര്‍ വിശദീകരിച്ചു. നിലമ്പൂരില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനം തീരുമാനിക്കട്ടെയെന്നും സിപിഎമ്മുമായി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.