anvar-out-udf

പി.വി.അന്‍വറിന് മുമ്പില്‍ യുഡിഎഫ് വാതില്‍ അടഞ്ഞു. അന്‍വറുമായി ഇനി ചര്‍ച്ച നടത്തില്ലെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. അന്‍വറിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി ഉണ്ടാകില്ലെന്നും അന്‍വര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളയും ആരോപണങ്ങളെയും അവഗണിക്കാനും യുഡിഎഫ് തീരുമാനിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ യുഡിഎഫില്‍ ചേരാനോ ഇല്ലെന്നും  ഇനി ആരും തന്നെ ചര്‍ച്ചയ്ക്ക് വിളിക്കരുതെന്നും രാവിലെ പി.വി.അന്‍വര്‍ പറഞ്ഞതിന് പിന്നാലെയാണ് യുഡിഎഫ് നേതൃത്വത്തിന്റെ സുപ്രധാന തീരുമാനം. 

രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.ഡി.സതീശനെതിരെ കടുത്ത ആരോപണങ്ങള്‍ അന്‍വര്‍ ഉന്നയിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ യുഡിഎഫില്‍ ചേരാനോ ഇല്ലെന്ന് വിശദീകരിച്ച അന്‍വര്‍ രണ്ടു മുന്നണികളും കൂടി തന്നെ ഞെക്കി ഇല്ലാതെയാക്കിയെന്നും ജീവന്‍ മാത്രമാണ് ബാക്കിയെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യുഡിഎഫില്‍ തന്നെ ഘടകകക്ഷിയാക്കാതിരിക്കുന്നത് വി.ഡി.സതീശനാണെന്നും എന്നാല്‍ സതീശന് തന്നോട് വ്യക്തി വിരോധം ഇല്ലെന്നും ചിലര്‍ സതീശനെ തെറ്റിദ്ധരിപ്പിച്ചതിനാലാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. അന്‍വര്‍ യുഡിഎഫില്‍ വന്നാല്‍ അധികപ്രസംഗം തുടരുമെന്നായിരുന്നു തനിക്കെതിരായ പ്രചാരണം. ലക്ഷങ്ങള്‍ വരുമാനമുണ്ടായിരുന്ന തന്നെ വട്ടപ്പൂജ്യത്തിലേക്ക് എത്തിച്ചെന്നും മല്‍സരിക്കണമെങ്കില്‍ പണം വേണം അത് തന്‍റെ കൈവശമില്ലെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. 

അതേസമയം, അന്‍വറിന്‍റെ പരാമര്‍ശങ്ങള്‍ തന്നെയാണ് അന്‍വറിന് വിനയായതെന്നായിരുന്നു കെ.സുധാകരന്‍റെ പ്രതികരണം. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് നിലപാട് പ്രഖ്യാപിച്ചാല്‍ അന്‍വറിനെ അസോഷ്യേറ്റ് അംഗമാക്കാമെന്നും നിലവിലെ സാഹചര്യത്തില്‍ ഘടകകക്ഷി ആക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചത്. എന്നാല്‍ ഘടകകക്ഷിയാക്കിയാല്‍ സ്ഥാനാര്‍ഥിയെ അംഗീകരിക്കാമെന്ന നിലപാട് അന്‍വറും സ്വീകരിച്ചു. ഇതോടെയാണ് സാധ്യതകള്‍ അടഞ്ഞത്. 

ENGLISH SUMMARY:

UDF leadership has officially ruled out any further discussions with P.V. Anwar, effectively closing the door on his entry into the front. The decision comes hours after Anwar declared he won't join the UDF or contest in the Nilambur by-election. UDF has also decided to ignore Anwar's criticisms and allegations, making it clear that no response will be given to his remarks.