നിലമ്പൂരില്‍ എം.സ്വരാജ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. പാര്‍ട്ടിചിഹ്നത്തില്‍ തന്നെ മല്‍സരിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നിലമ്പൂര്‍ സ്വദേശിയായ സ്വരാജ് നിലവില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. 2016ല്‍ തൃപ്പൂണിത്തുറയില്‍ നിന്ന് നിയമസഭാംഗമായ സ്വരാജ്, 2021ല്‍ കെ.ബാബുവിനോട് പരാജയപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ദേശാഭിമാനി റസിഡന്‍റ് എഡിറ്ററാണ്. ശക്തമായ രാഷ്ട്രീയപോരാട്ടത്തിന് കളമൊരുക്കുകയാണ് ഈ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ ഇടതുമുന്നണി ലക്ഷ്യമിടുന്നത്.
എല്‍ഡിഎഫിനെ ഒറ്റുകൊടുത്ത യൂദാസാണ് അന്‍വറെന്ന് ഗോവിന്ദന്‍ ആരോപിച്ചു. അന്‍വര്‍ മല്‍സിക്കുന്നോ ഇല്ലയോ എന്നത് ഇടതിന് പ്രശ്നമല്ല. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായ സ്വീകരാര്യത സ്വരാജിന് ലഭിക്കുമെന്നും എം.വി.ഗോവിന്ദന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പി.വി.അന്‍വര്‍ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചില്ലെന്ന് എം.സ്വരാജ്. അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ലെന്നും യുഡിഎഫ് നേതാക്കളാണ് കുഴിയില്‍ചാടിച്ചതെന്നും സ്വരാജ് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. ഉച്ചയ്ക്ക് ശേഷം എല്‍ഡിഎഫും യോഗം ചേരും. പി.വി.അന്‍വറിന്‍റെ നീക്കങ്ങള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷിനാസ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയി, ആര്യാടൻ മുഹമ്മദിനെ രണ്ടുതവണ വിറപ്പിച്ചിട്ടുള്ള എം.തോമസ് മാത്യു, സ്പോർട് കൗൺസിൽ പ്രസിഡന്റും മുൻ ഫുട്ബോൾ താരമായ യു.ഷറഫലി എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു.