നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. സംസ്ഥാന നേതൃയോഗത്തിന്റെ അനുമതിക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
യു ഡി എഫ് പ്രവേശന സാധ്യത അടച്ചും വി ഡി സതീശനെ കടന്നാക്രമിച്ചും പി വി അൻവർ ഇന്നു രംഗത്തെത്തിയിരുന്നു. വി ഡി സതീശന് നിഗൂഡ ലക്ഷ്യമെന്ന് പറഞ്ഞ അൻവർ കെ.സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച നടക്കാതിരിക്കാൻ കാരണം സതീശൻ രാജി ഭീഷണി മുഴക്കിയതുകൊണ്ടാണെന്നും ആരോപിച്ചു. യു ഡി എഫ് പ്രവേശനത്തിന് തടസം വി ഡി സതീശനാണെന്ന് ഉറപ്പിക്കുന്നതായിരുന്നു അൻവറിന്റെ പ്രതികരണങ്ങൾ. പിണറായി വിജയനെ ഒതുക്കുന്നതാണോ തന്നെ ഒതുക്കുന്നതാണോ സതീശന്റെ ലക്ഷ്യമെന്ന് അൻവർ ചോദിച്ചു. തന്നെ കൊല്ലാനാണ് സതീശന്റെ ശ്രമമെന്നും അൻവർ ആരോപിച്ചു.
Read Also: വി.ഡി.സതീശന് ഗൂഢലക്ഷ്യം; കെ.സിയെ ചര്‍ച്ചയില്‍നിന്ന് പിന്തിരിപ്പിച്ചു: അന്‍വര്‍
അതേസമയം, ആര്യാടൻ ഷൗക്കത്തിനെതിരായ പ്രസ്താവനകൾ പിൻവലിക്കാൻ പി.വി. അൻവറിന് സമയം കൊടുത്തായിരുന്നു യുഡിഎഫിന്റെ നീക്കം. അൻവറിന്റെ കാര്യത്തിൽ നാളെ വൈകിട്ട് യുഡിഎഫ് നേതൃ യോഗം ചേർന്ന് തീരുമാനം പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. നിലപാട് തിരുത്തിയാൽ മിനിറ്റുകൾക്കകം യുഡിഎഫിൽ അസോഷ്യേറ്റ് അംഗത്വം നൽകുമെന്ന മുന്നണി തീരുമാനം അൻവറിനെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. അതേസമയം തനിക്കെതിരായ വ്യക്തിപരമായ വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്ന് സ്ഥാനാർത്ഥിക്ക് എതിരായിട്ടുള്ള വിമർശനങ്ങൾ പിൻവലിക്കണമെന്ന ഉപാധിയാണ് ഉള്ളതെന്ന് വിഡി സതീശൻ വ്യക്തമാക്കി.
തലവേദനയായി മാറിയ പി.വി. അൻവറിനെ ഉൾക്കൊള്ളണോ തള്ളണോ എന്ന കാര്യത്തിൽ നാളെ വൈകിട്ട് യുഡിഎഫ് തീരുമാനമെടുക്കും. സ്ഥാനാർത്ഥിക്കെതിരായ വിമർശനം പിൻവലിച്ച് നിലപാട് തിരുത്താൻ അൻവറിന് മുമ്പിലുള്ള സമയവും അതുവരെ മാത്രമാണ്. അതിനുശേഷം യുഡിഎഫിനു മുൻപിൽ പിവി അൻവർ അടഞ്ഞ അധ്യായം ആയിരിക്കും. സ്ഥാനാർത്ഥിക്കെതിരായ പരാമർശങ്ങൾ പിൻവലിക്കണം എന്നത് യുഡിഎഫിലെ പൊതു തീരുമാനമാണെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സതീശനും കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തിയത്.