നിലമ്പൂരിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരാനിരിക്കെ സ്ഥാനാര്‍ഥി ആരെന്ന് സിപിഎമ്മില്‍ ധാരണയായില്ല. പാര്‍ട്ടി സ്ഥാനാര്‍ഥിയോ സ്വതന്ത്ര സ്ഥാനാര്‍ഥിയോ എന്നതിലും സിപിഎം അന്തിമ തീരുമാനമെടുത്തിട്ടില്ല. സ്ഥാനാര്‍ഥി ആരായാലും ബൂത്ത് കേന്ദ്രീകരിച്ചുള്ള സംഘടനാ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞെന്നാണ് സിപിഎം നേതാക്കള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ എം.സ്വരാജ് മല്‍സരിക്കണമെന്ന താല്പര്യം മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനുമുണ്ടെങ്കിലും സ്വരാജ് ഇനിയും സന്നദ്ധമായിട്ടില്ലെന്നാണ് വിവരം.
പിബി അംഗം എ.വിജയരാഘവന്‍റെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികളാന്‍ യോഗ്യരായവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പാർട്ടി സ്ഥാനാർഥി എങ്കിൽ ആദ്യ പരിഗണന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജിനാണ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി.ഷബീർ, നിലമ്പൂർ മുൻസിപ്പാലിറ്റി ചെയർമാൻ മാട്ടുമ്മൽ സലീം , എസ്എഫ്ഐ ദേശീയ പ്രസിഡൻറ് വി.പി സാനു എന്നിവരുടെ പേരുകളും പാർട്ടിയുടെ സജീവ പരിഗണനയിലുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയെങ്കില്‍ നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷിനാസ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയി, ആര്യാടൻ മുഹമ്മദിനെ രണ്ടുതവണ വിറപ്പിച്ചിട്ടുള്ള എം തോമസ് മാത്യു , സ്പോർട് കൗൺസിൽ പ്രസിഡന്റും മുൻ ഫുട്ബോൾ താരമായ യു. ഷറഫലി എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.
യുഡിഎഫിന് വേണ്ടി ആര്യാടന്‍ ഷൗക്കത്തായതിനാല്‍ ഹൈന്ദവ , ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥി വേണമെന്ന ചര്‍ച്ച നേതാക്കള്‍ക്കിടയിലുണ്ട്. എന്നാല്‍ മുസ്ലീ വിഭാഗത്തില്‍ നിന്ന് തന്നെയുള്ള സ്ഥാനാര്‍ഥിയാണ് ഉചിതമെന്നതാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ മറ്റൊരഭിപ്രായം
അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ ഉടൻ മൽസരത്തിന് രംഗത്തിറങ്ങാൻ സജ്ജമാണെന്ന് നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി പരിഗണിക്കുന്ന പ്രൊഫ. തോമസ് മാത്യു മനോരമ ന്യൂസിനോട് പറഞ്ഞു. മുൻപ് രണ്ടുവട്ടം നിലമ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മൽസരിച്ച തോമസ് മാത്യു 2016ൽ 5000 വോട്ടിനാണ് പരാജയപ്പെട്ടത്.