ഇല്ലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയതുമില്ലെന്ന അവസ്ഥയിലാണ് പി.വി.അന്‍വര്‍. ആര്യാടന്‍ ഷൗക്കത്തിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച അന്‍വറിനെ മൈന്‍ഡ് ചെയ്യേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചതോടെ യഥാര്‍ഥത്തില്‍ മുന്നണിയുടെ ദയയ്ക്ക് കാത്തുനില്‍ക്കുകയാണ് അന്‍വര്‍ ഇപ്പോള്‍. നിരായുധനാണെങ്കിലും ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന ഭീഷണി ഉപേക്ഷിച്ചിട്ടില്ലെന്ന് മാത്രം. അടുത്ത തവണ നിലമ്പൂരോ ജയസാധ്യതയുള്ള സീറ്റോ പ്രതീക്ഷിച്ചാണ് അന്‍വര്‍ യുഡിഎഫിനൊപ്പം കൂടിയത്. എന്നാല്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയായതോടെ നിലമ്പൂര്‍ സീറ്റ് അടഞ്ഞ അദ്ധ്യായമെന്ന് മനസിലായ അന്‍വര്‍ നിലപാട് മാറ്റി. യുഡിഎഫില്‍ ഘടക കക്ഷിയാകുകയേ ഇനി വഴിയുള്ളൂവെന്ന് മനസിലായ അന്‍വര്‍ വിലപേശല്‍ ശക്തമാക്കി. ഘടകക്ഷിയായാല്‍ അടുത്തതവണ ജയസാധ്യതയുള്ള സീറ്റുകള്‍ക്കായി വാദിക്കാനാകും.
എന്നാല്‍ ഷൗക്കത്തിനെതിരെ അന്‍വര്‍ നടത്തിയ രൂക്ഷവിമര്‍ശനത്തില്‍ യുഡിഎഫ് നേതൃത്വത്തെ ചൊടിപ്പിച്ചു . വിലപേശലിന് നിന്നുകൊടുക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചതോടെ അന്‍വര്‍ നടുക്കടലിലായി. ഒടുവില്‍ അസോഷ്യേറ്റ് അംഗമാക്കിയാലും മതിയെന്ന നിലയിലേക്കെത്തി. പക്ഷെ കോണ്‍ഗ്രസ് വഴങ്ങാന്‍ തയാറായില്ല. അന്‍വര്‍ ഒറ്റയ്ക്ക് മല്‍സരിച്ചാല്‍ പതിനായിരം വോട്ടെങ്കിലും പിടിക്കണം. യു.ഡി.എഫ് തോല്‍ക്കുകയും എല്‍ ഡിഎഫ് ജയിക്കുകയും ചെയ്താലും ഭാവി പോക്കാണ്. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും മുന്നണിയുടെ ഭാഗമാവുക മാത്രമാണ് അന്‍വറിന്‍റെ മുന്നിലുള്ള വഴി. അന്‍വറിനെ പിണക്കി വിടുന്നത് നല്ലതല്ലെന്ന ചിന്ത കോണ്‍ഗ്രസിലുമുണ്ട്.
അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ഥിയെയും പ്രതിപക്ഷനേതാവിനെയും വിമര്‍ശിച്ച അന്‍വര്‍ തിരുത്താതെ, അനുനയത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം കടുപ്പിച്ചു. സണ്ണി ജോസഫും വി.ഡി.സതീശനും നിലപാടില്‍ ഉറച്ചുനില്‍ക്കെ, സമാന്തര മധ്യസ്ഥനീക്കവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. അൻവറിന്‍റെ കാര്യത്തിൽ മുസ്ലിംലീഗ് ഉൾപ്പെടെ ഘടകകക്ഷികളുമായും ഉന്നത നേതാക്കളുമായും കൂടിയാലോചിച്ച് യുഡിഎഫ് എടുത്ത തീരുമാനം ഇതാണ്. ഷൗക്കത്തിനെതിരായ പ്രസ്താവനകൾ തിരുത്തി, യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച ശേഷം അൻവറിന്‍റെ കാര്യത്തിൽ തീരുമാനം. ഇതിൽ ഒരു മാറ്റവും ഇല്ലെന്ന് സതീശൻ ഒരിക്കൽ കൂടി ആവർത്തിച്ചു
തൽക്കാലം അസോഷ്യേറ്റ് അംഗത്വത്തിനപ്പുറം മറ്റൊന്നും നൽകുകയുമില്ല. അൻവർ ഭീഷണി തുടരുമ്പോൾ പ്രതിരോധം തീർക്കാൻ പരസ്യ പ്രതികരണവുമായി എ.കെ.ആന്റണി ഉൾപ്പടെ നേതാക്കൾ രംഗത്തിറങ്ങിയതു ശ്രദ്ധേയമായി. അൻവറിന്റെ ഭീഷണികൾക്ക് ചുട്ട മറുപടിയുമായി വി.എം സുധീരനും കെ മുരളീധരനും എത്തി. അതേസമയം അൻവറിനോട് മയത്തിൽ ആയിരുന്നു രമേശ് ചെന്നിത്തലയുടെയും അടൂർ പ്രകാശിന്റെയും പ്രതികരണം.. അൻവറിന് മുമ്പിൽ പോംവഴികൾ ഇല്ലെന്ന് ഉറപ്പിക്കുന്ന യുഡിഎഫ്, അൻവറിനെ കാണാൻ ഇനി നേതാക്കള്‍ പുത്തൻവീട്ടിലേക്ക് ഇല്ലെന്ന് തറപ്പിച്ചു പറയുകയും ചെയ്തു.