നിലമ്പൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസഫിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമം. ബിജെപി നേതാവ് എം.ടി രമേശ് ചര്‍ച്ച നടത്തിയെന്ന് ബീന ജോസഫ്. അഭിഭാഷക എന്ന നിലയില്‍ നടത്തിയ ചര്‍ച്ച പുറത്തുപറയുന്നത് ശരിയല്ലെന്നും ബീന ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം രാഷ്ട്രീയ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ബിജെപി നേതാവ് എം.ടി.രമേശ് വ്യക്തമാക്കി. ഡിസിസി ജനറല്‍ സെക്രട്ടറിയെ എങ്ങനെ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിക്കും. ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചയെന്നും എംടി രമേശ് മനോരമ ന്യൂസിനോട് പറഞ്ഞു. ബീനാ ജോസഫുമായി രാഷ്ട്രീയ കൂടിക്കാഴ്ച നടത്തിയിട്ടില്ല. അത്തരത്തില്‍ ചര്‍ച്ച നടത്താന്‍ എന്നെ ചുമതലപ്പെടുത്തിയിട്ടില്ല. മല്‍സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ എല്ലാ സാധ്യതയും പരിഗണിക്കും. മല്‍സരിക്കുന്നതില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും എം.ടി.രമേശ് പറഞ്ഞു.
അത്സമയം, നിലമ്പൂരില്‍ മല്‍സരിക്കുന്നത് സംബന്ധിച്ച് ബി.ജെ.പിയില്‍ ആശയക്കുഴപ്പം തുടരുന്നു. വെറുതെ മല്‍സരിച്ച് സമയവും പണവും ചെലഴിക്കണോയെന്നാണ് ഒരുവിഭാഗത്തിന്റെ ചോദ്യം. അതേസമയം മല്‍സരിക്കാതിരുന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാഷ്ട്രീയ അബദ്ധമാകുമെന്ന് മറ്റുചിലര്‍ പറയുന്നു. എന്തായാലും ഇന്ന് അന്തിമതീരുമാനമുണ്ടായേക്കും.
2016 പി.വി അന്‍വര്‍ 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു നിലമ്പൂരില്‍ ജയിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി ബിഡിജെഎസിന്‍റെ ഗിരീഷ് മേക്കാട്ടിന് കിട്ടിയത് 12,284 വോട്ട് . 2021 ല്‍ അന്‍വര്‍ മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ ഭൂരിപക്ഷം 2700 ആയികുറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ഥിക്ക് കിട്ടിയത് 8,595 വോട്ട്.
ഈ പശ്ചാത്തലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍ ചെറിയശതമാനമാണെങ്കിലും ഈ വോട്ടുകള്‍ എങ്ങോട്ടുപോകുമെന്നതാണ് ചോദ്യം. ഇരുമുന്നണികളും ഇത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുമെന്ന് ഒരുവിഭാഗം വാദിക്കുന്നു. എന്നാല്‍ മറ്റ് മുന്നണികളുടെ ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ ആളും അര്‍ഥവും ചെലവിടേണ്ടതുണ്ടയെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ചോദ്യം. അതേസമയം ബി.ഡി.ജെ.എസ് മല്‍സരിക്കാന്‍ താല്‍പര്യപ്പെട്ടാല്‍ നിഷേധിക്കേണ്ടതില്ലെന്നും നിലപാടെടുക്കുന്നു. മലപ്പുറം ജില്ലയെക്കുറിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശനത്തിന് വേദിയായ സ്ഥലം കൂടിയാണ് നിലമ്പൂര്‍. ചുരുക്കത്തില്‍ എന്‍.ഡിഎ മല്‍സരിക്കുന്നുണ്ടെങ്കില്‍ സ്ഥാനാര്‍ഥി ബി.ഡി.ജെ.എസില്‍ നിന്നാകാനാണ് സാധ്യത.