വരാനിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന് പിന്തുണ നൽകുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ പി.വി. അൻവർ. ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും അറിയിച്ചു.
ഉചിതമായ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ യു.ഡി.എഫ്. നേതൃത്വത്തിന് കഴിവുണ്ടെന്നും, അവർ ആലോചിച്ച് തീരുമാനിക്കട്ടെയെന്നും അൻവർ മനോരമ ന്യൂസിനോട് പറഞ്ഞു. മുൻപന്തിയിൽ താൻ ഉണ്ടാകണോ വേണ്ടയോ എന്നത് ആലോചിച്ചേ പറയാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലമ്പൂരിൽ സി.പി.എം.-ബി.ജെ.പി. ധാരണയുണ്ടെന്നും പി.വി. അൻവർ ആരോപിച്ചു.
യു.ഡി.എഫ് സ്ഥാനാര്‍ഥി ഇന്ന്
ആര്യാടൻ ഷൗക്കത്തിനെ യു.ഡി.എഫ്. സ്ഥാനാർത്ഥിയാക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായി. ഷൗക്കത്തിന്റെ പേര് മാത്രം ഹൈക്കമാൻഡിന് കൈമാറാനാണ് സാധ്യതയെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയുടെ പേര് സജീവമായി പരിഗണിച്ചിരുന്നെങ്കിലും, പുതിയ കെ.പി.സി.സി. നേതൃമാറ്റത്തിലെ സാമുദായിക പ്രാതിനിധ്യം സ്ഥാനാർത്ഥി നിർണയത്തിൽ നിർണായകമായി. കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് ക്രൈസ്തവ വിഭാഗത്തിൽ നിന്നൊരാളെ തിരഞ്ഞെടുത്തത് ജോയിയുടെ സ്ഥാനാർത്ഥിത്വത്തിന് തടസ്സമായെന്നാണ് വിലയിരുത്തൽ.
സംസ്ഥാന നേതൃത്വം നൽകുന്ന പട്ടികയിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നിലപാട് നിർണായകമാകും. നിലമ്പൂർ യു.ഡി.എഫ്. സ്ഥാനാർത്ഥി തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് നേതൃത്വം അറിയിച്ചു. ഒന്നിലേറെ പേരുകൾ പരിഗണനയിലുണ്ടെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
കട്ടയ്ക്ക് കൂടെയുണ്ടാകുമെന്ന് ജോയ്
കോൺഗ്രസ് നേതൃത്വം നിലമ്പൂരിൽ സ്ഥാനാർത്ഥിയായി ആരെ പ്രഖ്യാപിച്ചാലും ആ നിമിഷം മുതൽ ആ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തനം ആരംഭിക്കുമെന്ന് മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയി മനോരമ ന്യൂസിനോട് പറഞ്ഞു. നിലമ്പൂരിൽ സാഹചര്യങ്ങളെല്ലാം യു.ഡി.എഫിന് അനുകൂലമാണ്. സ്ഥാനാർത്ഥി ആരായാലും വലിയ ഭൂരിപക്ഷത്തോടെ നിലമ്പൂരിൽ വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.