കെ. കുഞ്ഞാലി, ആര്യാടന്‍ മുഹമ്മദ്
1969 ജൂലൈ 26, സന്ധ്യ മയങ്ങിയ നേരം. നിലമ്പൂര്‍ അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് പാര്‍ട്ടി ഓഫീസില്‍ നിന്ന് പുറത്തിറങ്ങി ജീപ്പിനടുത്തേക്ക് നടക്കുകയാണ് സിറ്റിങ് എംഎല്‍എ കെ.കുഞ്ഞാലിയും സഖാക്കളും. പൊടുന്നനെ എതിര്‍വശത്ത് നിന്ന് സഖാക്കളുടെ മുഖത്തേക്ക് ഒരു ടോര്‍ച്ച് തെളിഞ്ഞു. ചുള്ളിയോട്ട് കോണ്‍ഗ്രസ്–സിപിഎം രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന നേരമാണത്.
കുഞ്ഞാലിയാകട്ടെ ആളൊരു ‘തീപ്പന്തവും’. പ്രകോപനവും തിരിച്ചടിയും പുതിയതല്ല, പുത്തരിയുമല്ല. ‘പരിധി’വിട്ട ധൈര്യം ദൗര്‍ബല്യമായി കൊണ്ടുനടന്നിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയ നേതാവാണ്. കൊടിക്കൂറുള്ള കമ്മ്യൂണിസ്റ്റ്, മുന്‍ സൈനികന്‍. അതാകണം മുഖത്ത് പതിച്ച വെളിച്ചത്തിന് നേരെ നെഞ്ചുവിരിച്ച് തിരിയാന്‍ കുഞ്ഞാലിയെ പ്രേരിപ്പിച്ചത്. ക്ഷുഭിത യൗവ്വനത്തിന്‍റെ സകല വീറോടെയും അയാള്‍ അക്രോശിച്ചു,‘ ആരെടാ അത്..?’;
മറുപടി: ‘ഠേ’ ! സഖാവ് കുഞ്ഞാലി നിലംപതിച്ചു. വെടിയേറ്റതാണ്. ഒരു ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍. 28ന് മരിച്ചു. കുഞ്ഞാലിവധത്തെ, ജീവചരിത്രകാരന്‍ ബഷീര്‍ ചുങ്കത്തറ അനുസ്മരിക്കുന്നത് ഈ വിധത്തിലാണ്. കേരളത്തില്‍ ഇതിന് മുന്‍പോ ശേഷമോ ഒരു എംഎല്‍എയും വെടിയേറ്റു കൊല്ലപ്പെട്ടിട്ടില്ല. ഇവിടെത്തെളിയുന്നു നിലമ്പൂരിന്‍റെ കടുപ്പം.
പ്രതി ആര്യാടന്‍; പടര്‍ന്നതും ആര്യാടന്‍
കുഞ്ഞാലി വധത്തിലെ പ്രധാനപ്രതികളില്‍ ഒരാള്‍ ആര്യാടന്‍ മുഹമ്മദായിരുന്നു. കൂട്ടുപ്രതികള്‍ കോണ്‍ഗ്രസുകാര്‍. ചുള്ളിയോട് കോണ്‍ഗ്രസ് ഓഫീസില്‍ നിന്നാണ് വെടിയുതിര്‍ത്തത് എന്ന വാര്‍ത്ത കാട്ടുതീ പോലെ അന്ന് പരന്നു. വെടിവയ്പുണ്ടായി മണിക്കൂറുകള്‍ക്കകം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് കോണ്‍ഗ്രസ് ഓഫീസിന് തീയിടാന്‍ തീരുമാനിച്ചിരുന്നെന്നും പില്‍ക്കാലത്ത് ചുള്ളിയോടുകാര്‍ പങ്കുവച്ച അനുഭവങ്ങളിലുണ്ട്. കൃത്യസമയത്ത് പൊലീസ് എത്തി സ്ഥിതി നിയന്ത്രിച്ചു. എല്ലാവരും അറസ്റ്റിലായി. ആര്യാടന്‍ ജയിലിലായി. പക്ഷേ, കുറ്റം തെളിയിക്കപ്പെട്ടില്ല.
പിന്നീടങ്ങോട്ട് നിലമ്പൂര്‍ മണ്ണ് കോണ്‍ഗ്രസിനും ആര്യാടനും പാകമാകുന്നതാണ് കണ്ടത്. കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1970ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സഹതാപ തരംഗം പോലും സിപിഎമ്മിനെ തുണച്ചില്ല. കോണ്‍ഗ്രസിന്‍റെ എം.പി.ഗംഗാധരന്‍ സിപിഎമ്മിന്‍റെ സി.പി. അബൂബക്കറിനെ 5574 വോട്ടിന് ഈ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചു.
അതേകൊല്ലത്തെ നിയമസഭ തിരഞ്ഞെടുപ്പിലും ഗംഗാധരന്‍ വിജയം ആവര്‍ത്തിച്ചു. 1977ല്‍ ആര്യാടന്‍ മുഹമ്മദ് വീണ്ടും സ്ഥാനാര്‍ഥിക്കുപ്പായമിട്ടു. കന്നി ജയം കുറിച്ചു. സിപിഎമ്മിന്‍റെ സൈദാലിക്കുട്ടിക്കെതിരെ 7715 വോട്ടിന്‍റെ വിജയം. പിന്നീട് അങ്ങോട്ട് മൂന്ന് പതിറ്റാണ്ടിലേറെ മണ്ഡലം അടക്കിവാണ ആര്യാടകാലം. 2011ല്‍ മലയില്‍ തോമസിനെ തോല്‍പ്പിച്ചും ഒടുവില്‍ ആര്യാടന്‍ കരുത്ത് കാട്ടി. 1977നും 2011നും ഇടയില്‍ തോറ്റത് ഒരേ ഒരു തവണ, ഇടത് സ്വതന്ത്രന്‍ ടി.കെ. ഹംസയോട് 1982ല്‍. അതും 1566 വോട്ടിന്.
ചരിത്രം വഴിമാറി; ആര്യാടനൊപ്പം സിപിഎം !
നിലമ്പൂരുള്‍ക്കൊള്ളുന്ന ഏറനാട്ടിലെ പാര്‍ട്ടിയുടെ ‘പിതാവ്’ കുഞ്ഞാലിയെ ഇല്ലാതാക്കിയത് ആര്യടന്‍ മുഹമ്മദാണെന്ന് പ്രചരിപ്പിച്ച സിപിഎമ്മുകാര്‍ അതേ ആര്യാടനെ വോട്ട് ചെയ്ത് വിജയിപ്പിച്ചതും നിലമ്പൂര്‍ കണ്ടു. വര്‍ഷം 1980. ഇടതു ചേരിയിലുള്ള കോണ്‍ഗ്രസ് (യു) നേതാവായിരുന്നു അന്ന് ആര്യടന്‍. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ അംഗമായി. ഇതോടെ, സിറ്റിങ് എംഎല്‍എ സി.ഹരിദാസ് (കോണ്‍ഗ്രസ് –യു ) ആര്യാടന് വേണ്ടി രാജിവച്ച് വഴിമാറി. ദിവസങ്ങള്‍ക്കകം ഉപതിരഞ്ഞെടുപ്പ്. ആര്യാടന് എതിരാളി സാക്ഷാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 17,841 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തോടെ ആര്യാടന്‍ മുല്ലപ്പള്ളിയെ തോല്‍പ്പിച്ചു.
ഇനി മൂന്നാം ഉപതിരഞ്ഞെടുപ്പ് ; കണക്കിലാര് ?
രണ്ട് ഉപതിരഞ്ഞെടുപ്പുകളടക്കം പതിനാറ് തിരഞ്ഞെടുപ്പുകള്‍ നടന്ന നിലമ്പൂര്‍ നിയമസഭ മണ്ഡലത്തില്‍ പത്തിലും ജയം കോണ്‍ഗ്രസിനും യുഡിഎഫിനും ഒപ്പം. ഇടത് ചേരിയുടെ ആറ് ജയങ്ങളില്‍ ഒന്ന് 1980ല്‍ ആര്യാടന്‍ നേടിയതാണ്. ഇടത് സ്വതന്ത്രരായി 82ല്‍ ടി.കെ ഹംസയും 2016ലും 2021ലും പി.വി.അന്‍വറും ജയിച്ചു.
മഞ്ചേരിയെ വിഭജിച്ച്, നിലമ്പൂര്‍ മണ്ഡലം രൂപീകരിച്ച ശേഷമുള്ള 1965 ലെ ആദ്യതിരഞ്ഞെടുപ്പിലും 1967ല്‍ നടന്ന രണ്ടാം തിരഞ്ഞെടുപ്പിലും കെ.കുഞ്ഞാലി നേടിയ വിജയമല്ലാതെ സിപിഎമ്മിന് പാര്‍ട്ടി ചിഹ്നത്തില്‍ നിലമ്പൂരില്‍ ഇതുവരെ വിജയിക്കാനായിട്ടില്ല എന്നതും ചരിത്രം.
നിലമ്പൂർ വിജയികൾ/ ഭൂരിപക്ഷം
1965- കെ.കുഞ്ഞാലി (സിപിഎം): 7,161
1967- കെ.കുഞ്ഞാലി (സിപിഎം): 9,789
1970 (ഉപതിരഞ്ഞെടുപ്പ്)- എം.പി.ഗംഗാധരൻ (കോൺഗ്രസ്): 5,574
1970- എം.പി.ഗംഗാധരൻ (കോൺഗ്രസ്): 2,811
1977- ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്): 7,715
1980- സി.ഹരിദാസ് (കോൺഗ്രസ് യു): 6,423
1980 (ഉപതിരഞ്ഞെടുപ്പ്)- ആര്യാടൻ മുഹമ്മദ് (കോൺഗ്രസ് യു): 17,841
1982- ടി.കെ.ഹംസ (എൽഡിഎഫ് സ്വത.): 6,423
1987- ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്): 10,333
1991- ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്): 7,684
1996- ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്): 6,693
2001- ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്): 21,620
2006- ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്): 18,070
2011- ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്): 5,598
2016- പി.വി.അൻവർ (എൽഡിഎഫ് സ്വത.): 11,504
2021- പി.വി.അൻവർ (എൽഡിഎഫ് സ്വത.): 2,700