പെരുമഴക്കാലത്ത് നിലമ്പൂര്‍, ഉപതിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്. ജൂണ്‍ 19നാണ് വോട്ടെടുപ്പ്. 23 ന് ഫലമറിയാം. ഇന്നോ നാളെയോ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് യുഡിഎഫും ഒരാഴ്ച്ചയ്ക്കകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് എല്‍ഡി എഫും അറിയിച്ചു. ഫോക്കസ് തദ്ദേശ തിരഞ്ഞെടുപ്പിലാണെന്നാണ് ബിജെപിയുടെ പ്രതികരണം.
ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ നിലവില്‍ വരും. ജൂണ്‍ 2 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന. ജൂണ്‍5 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. മാസങ്ങള്‍ക്കപ്പുറം നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ യുഡിഎഫ് കാണുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തലായി കാണേണ്ടതില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മൂന്നാം ഇടത് സര്‍ക്കാരിലേയ്ക്കുള്ള മുന്നേറ്റത്തിന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വഴി തെളിക്കുമെന്നും വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ബിജെപി. അതിനിടയില്‍ എത്തിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലയില്‍ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നു.