പിണറായി 3.O എന്ന പ്രതീതി നിലനിര്‍ത്താന്‍ നിലമ്പൂര്‍ വിജയം അനിവാര്യമെന്ന സമ്മര്‍ദത്തിലാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ഇടതുമുന്നണിക്ക് രാഷ്ട്രീയ സ്വാധീനം കുറവുള്ള മണ്ഡലത്തില്‍ പിണറായി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ് സിപിഎമ്മിന്‍റെ മുന്നിലുള്ള മാര്‍ഗം. യുഡിഎഫ് വിജയിച്ചാല്‍ അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയ ആരോപണങ്ങള്‍ ശരിവയ്ക്കപ്പെടുമെന്നതും മുഖ്യമന്ത്രിക്കും സിപിഎമ്മിനും തിരിച്ചടിയാവും
സിപിഎമ്മും ഇടതുമുന്നണിയും തുടര്‍ഭരണം ഉറപ്പെന്ന് പറയുന്ന ഭരണനേട്ടങ്ങള്‍ മാറ്റുരച്ചുനോക്കാന്‍ നിലമ്പൂര്‍ തിരഞ്ഞെുടുപ്പുണ്ടാവില്ലെന്ന പ്രതീക്ഷിയിലായിരുന്നു. അപ്രതീക്ഷമായി എത്തിയ തിരഞ്ഞെടുപ്പില്‍ ഉചിതനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നത് മാത്രമല്ല സിപിഎമ്മിന് മുന്നിലുള്ള വെല്ലുവിളി. കോന്നി , വട്ടിയൂര്‍ക്കാവ് സീറ്റുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത് രാഷ്ട്രീയനേട്ടമായിട്ടാണ് എല്‍ ഡി എഫ് വ്യാഖ്യാനിച്ചത്. രാഷ്ടീയ പോരാട്ടം നടക്കാനിരിക്കുന്ന നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് തോറ്റാല്‍ പിണറായി സര്‍ക്കാര്‍ തോറ്റു എന്ന പ്രതീതിയാവും നേരിടേണ്ടി വരിക. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം ഉറപ്പെന്ന് മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഇടതുസ്വതന്ത്രന്‍ തന്നയോ എന്നതില്‍ നിലപാട് വ്യക്തമാക്കിയില്ല.
തിരഞ്ഞെടുപ്പ് നേരിടാന്‍ മുന്നണി സജ്ജമെന്നാണ് സിപിഎം അവകാശവാദം . ജനങ്ങളുടെ വോട്ട് കിട്ടുന്ന സ്ഥാനാര്‍ഥിയെ മുന്നണി അവതരിപ്പിക്കുമെന്ന് പി രാജീവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വളരെ പെട്ടെന്ന് തിരഞ്ഞെടുപ്പ് എത്തിയത് പ്രതിസന്ധിയാവില്ലെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം.
സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷങ്ങളുടെ സമാപനം തുടര്‍ഭരണം ലക്ഷ്യമിട്ടുന്ന പ്രചാരണ തുടക്കമായാണ് എല്‍ഡിഎഫ് അവതരിപ്പിച്ചത് . നിലമ്പൂരില്‍ ദേശീയപാത ഉള്‍പ്പെടെ പ്രചാരണ ആയുധമാകുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ എല്‍ഡിഎഫിനാവില്ല.