ദേശീയപാത നിര്‍മാണത്തിലെ അപാകതകള്‍ സംസ്ഥാനത്തിന് നാണക്കേടായിട്ടും കേന്ദ്രസര്‍ക്കാരിനെ നോട്ടം കൊണ്ടുപോലും പഴിക്കാതെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും. ദേശീയപാത അതോറിറ്റിയാണ് നിര്‍മാണമെന്ന് പറഞ്ഞതിനപ്പുറത്തേക്ക് കേന്ദ്രസര്‍ക്കാരിനെ പഴിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. സംസ്ഥാന ഭരണത്തിന്‍റെ നേട്ടമായി അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയില്‍ കേന്ദ്രത്തെ പഴിചാരിയാല്‍ തിരിച്ചടിയായേക്കുമെന്ന ഭയമാണ് ഇതിന് പിന്നില്‍.
ദേശീയപാതവികസനത്തില്‍ നിതിന്‍ ഗഡ്ഗരിയുമായി നിരന്തരം ആശയവിനിമയം നടത്തി മുന്നോട്ട് പോയിരുന്നുവെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയിരുന്ന അവകാശവാദം. ഈ അവകാശവാദത്തിനു മേലുള്ള വിള്ളലായി ദേശീയപാതയുടെ തകര്‍ച്ച. സംസ്ഥാനത്തിന് അഭിമാനക്ഷതമേറ്റിട്ടും ദേശീയപാത നിര്‍മാണം നടത്തുന്ന കേന്ദ്രസര്‍ക്കാരിനെ പഴിക്കാന്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും തയ്യാറാവുന്നില്ല. എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ വിദഗ്ധസംഘത്തിന്‍റെ റിപ്പോര്‍ട്ട് വരട്ടെ എന്നാണ് റിയാസിന്‍റെ നിലപാട്.
സംസ്ഥാനത്തിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ നേട്ടമായി ദേശീയപാത വികസനം എടുത്തുകാട്ടിയ മുഖ്യമന്ത്രി എന്ത് കൊണ്ടാണ് ദേശീയപാതയിലെ വീഴ്ചയ്ക്ക് കേന്ദ്രത്തെ പഴിക്കാത്തത് എന്നത് കൗതുകമുണര്‍ത്തുന്നു.
ബിജെപിക്ക് ഇലക്ട്രല്‍ ബോണ്ട് നല്‍കിയ കമ്പനികള്‍ക്കാണ് ദേശീയപാത നിര്‍മാണത്തിന്‍റെ കരാര്‍ നല്‍കിയത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ഏറ്റുപിടിക്കാനോ ഇതിന്‍റെ പേരില്‍ കേന്ദ്രത്തെ പഴിക്കാനോ പിണറായി വിജയനും മുഹമ്മദ് റിയാസും തയ്യാറാവുന്നില്ല.
സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനപ്പുറം കേന്ദ്രത്തിനും ഉത്തരവാദിത്തമില്ലെന്നും കരാറുകാര്‍ക്കാണ് ഉത്തരവാദിത്തം എന്നുമുള്ള സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത് . എന്തുകൊണ്ട് ഈ ദേശീയപാത നിര്‍മാണ രീതി ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളെ പോലും മുഖ്യമന്ത്രി പരിഹസിക്കുന്നില്ല എന്നത് ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നു. സിപിഎമ്മിനുള്ളിലും ഇത് ചര്‍ച്ചയാവുന്നുണ്ട്.