യു.ഡി.എഫ് വിപുലീകരണത്തിന് കേരളാ കോണ്‍ഗ്രസിനെ ഉന്നമിട്ട് കോണ്‍ഗ്രസ്. കെ.പി.സി.സി നേതൃമാറ്റത്തിന് പിന്നാലെ മുന്നണി ശക്തിപ്പെടുത്തല്‍ ഗൗരവമായി പരിഗണിച്ചാണ് കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് വിട്ടുപോയ പ്രധാനകക്ഷിയെ മുന്നണിയില്‍ തിരിച്ചെത്തിക്കാനാണ് ശ്രമം.
വിസ്മയിക്കുന്ന പ്രഖ്യാപനത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്നലെ സൂചന നല്‍കിയത് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണെന്നതില്‍ തന്നെയുണ്ട് ഉത്തരം. ലക്ഷ്യം എക്കാലത്തും യുഡിഎഫിന്‍റെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് (എം) തന്നെ. വി.ഡി.സതീശനും കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായി വ്യക്തിബന്ധം പുലര്‍ത്തുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുമാണ് അണിയറ ചർച്ചകളുടെ പിന്നിൽ. യുഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ അടൂര്‍ പ്രകാശ് ഇതിനുള്ള ശ്രമം പലവഴിക്ക് പല കൂടിക്കാഴ്ചകളിലൂടെ തുടങ്ങിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തുണ്ടായ തോല്‍വി കേരളാ കോണ്‍ഗ്രസിനെയും ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്. പാലായുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മാണി സി.കാപ്പന്‍ വ്യക്തമാക്കിയിരിക്കെ ജോസ് കെ.മാണിക്ക് മലബാറില്‍ സുരക്ഷിത സീറ്റ് നല്‍കാമെന്നാണ് ലീഗിന്‍റെ ഉറപ്പ്.
ജോസ് പാലായില്‍ മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന് മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മും വിലയിരുത്തുന്നുണ്ട്. അതേസമയം, മുന്നണി പ്രവേശനം തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. താഴെത്തട്ടിൽ രണ്ടുചേരികളിൽ മത്സരിച്ച ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചാൽ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. മുന്നണി വിട്ടുപോയ ആര്‍.ജെ.ഡിയുമായും യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, സി.പി.എമ്മുമായി പ്രശ്നങ്ങള്‍ പറഞ്ഞൊതുക്കിയ ആര്‍.ജെ.ഡി ചുവടുമാറ്റത്തിന് തല്‍ക്കാലം ഇല്ലെന്ന സൂചന നല്‍കിയതായാണ് വിവരം.