p-rajiv-pressmeet

സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തില്‍ എല്ലാവരും മന്ത്രിമാര്‍ക്ക് മാര്‍ക്കിടുകയാണെന്നാണ് മന്ത്രി പി.രാജീവ് പറയുന്നു.  ഏതായാലും അതു നന്നായി എന്നാണ് വ്യവസായ മന്ത്രിയുടെ അഭിപ്രായം. പ്രതിപക്ഷം സര്‍ക്കാരിന് പാസ് മാര്‍ക്ക് പോലും നല്‍കിയില്ലെങ്കിലും മാധ്യമങ്ങള്‍ നല്ലമാര്‍ക്ക്  നല്‍കിയല്ലോ എന്നാണ് മന്ത്രിയുടെ ആശ്വാസം.  സർക്കാരിന് 50 ശതമാനത്തിലധികം മാർക്ക് മാധ്യമങ്ങള്‍ നല്‍കിയതിലെ സന്തോഷവും മന്ത്രി മറച്ചുവെച്ചില്ല. വ്യവസായ വളര്‍ച്ചയെ കുറിച്ച് പറയാനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പി.രാജീവിന്‍റെ മാര്‍ക്ക് പരാമര്‍ശങ്ങള്‍.

ഞങ്ങളൊന്ന് , ക്യാപ്റ്റനൊത്ത ടീം

മന്ത്രിസഭയിൽ താനും എം.ബിരാജേഷും കെ.എന്‍.ബാലഗോപാലും ചേര്‍ന്ന  ഒരു ത്രയമുണ്ടെന്നാണു പുതിയ പ്രചാരണമെന്ന് പിരാജീവ് പറഞ്ഞു. തങ്ങൾ പണ്ടേ ഒരു ത്രയമാണ്. മന്ത്രിസഭയിലെ പലരും ഒരേകാലത്തു വിദ്യാർഥി, യുവജന സംഘടനകളിലെ പ്രവർത്തനം നടത്തിയവരാണ്. ഈ സർക്കാരിന്‍റെ അടിത്തറ തന്നെ  നല്ല ‘ബോണ്ട്’ ഉള്ള ടീമാണ്.  നേട്ടങ്ങളുടെ ക്രെഡിറ്റ് മന്ത്രിസഭ എന്ന ടീമിന് ഉള്ളതാണെന്നും  മന്ത്രി അവകാശപ്പെട്ടു.  

ക്യാപ്റ്റന്‍ ആരാണ്? സംശയം വേണ്ട 

ഇപ്പോഴത്തെ ക്യാപ്റ്റൻ തന്നെ വീണ്ടും വരുമെന്ന കാര്യത്തിൽ എല്ലാവർക്കും ഉറപ്പുണ്ടെന്നാണ്  പി.രാജീവ് പറയുന്നത്. പിണറായി എന്ന ക്യാപ്റ്റനു കീഴിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്കു  ആരെയെങ്കിലും  പരിഗണിക്കപ്പെടുന്നുണ്ടോ എന്ന  മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം. ഈ ടീം മോശമാണ് എന്നാണു നേരത്തേ മാധ്യമങ്ങൾ പ്രചരിപ്പിച്ചതെങ്കിൽ, ടീമിലുള്ളവർ പരസ്പരം മത്സരിക്കുന്നുവെന്ന പ്രചാരണമാണ് ഇപ്പോൾ നടത്തുന്നത്. മന്ത്രിമാർ തമ്മിൽ വല്ല തർക്കവുമുണ്ടോ എന്നന്വേഷിച്ചു നടക്കുകയാണ്. അതിനുള്ള വെള്ളം വാങ്ങിവച്ചാൽ മതിയെന്നും ഇവിടെ ആ പരിപ്പ് വേവില്ലെന്നും മന്ത്രി പറഞ്ഞു വെച്ചു. 

കൈക്കൂലിയോ ? നിങ്ങള്‍ക്കോ?

കേരളത്തിലെ മാധ്യമങ്ങള്‍  കൈക്കൂലി വാങ്ങി വാർത്ത കൊടുക്കുന്നുവെന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നയാൾ പറഞ്ഞത് മാധ്യമ പ്രവര്‍ത്തകര്‍  കേട്ടില്ലേ എന്നായിരുന്നു മന്ത്രിയുടെ ഒരു പ്രധാന ചോദ്യം.  പത്രസമ്മേളനത്തിൽ അധിക്ഷേപിക്കപ്പെട്ടിട്ട് നിങ്ങൾ എത്ര നിഷ്കളങ്കരായാണ്

ഇരിക്കുന്നത്. ഇതുവരെ ഒരാളും കേരളത്തിലെ മാധ്യമങ്ങളെ കുറിച്ച്  ഇങ്ങനെയൊരു ആരോപണമുന്നയിച്ചിട്ടില്ല. സർക്കാർ പരസ്യം കൊടുത്താലും ഇല്ലെങ്കിലും മാധ്യമങ്ങൾ അവരുടെ വഴിക്ക്  എഴുതും. കേരളത്തിൽ പണം വാങ്ങിയിട്ടാണോ ആരെങ്കിലും വാർത്തയെഴുതുന്നത്?  ഈ ആരോപണം മാധ്യമപ്രവർത്തകർ ഗൗരവത്തോടെയെടുക്കണമെന്ന ഉപദേശവും മന്ത്രി നല്‍കി.