peroorkada-police-station

തിരുവനന്തപുരത്ത് ദലിത് യുവതി ബിന്ദുവിനെ വ്യാജ മോഷണക്കേസിൽ കുടുക്കി പീഡിപ്പിച്ച കേസില്‍ എഎസ്ഐ പ്രസന്നന് സസ്പെന്‍ഷന്‍. ജിഡി ചാര്‍ജ് എ.എസ്.ഐ ആയിരുന്ന പ്രസന്നന്‍ അമിതാധികാര പ്രയോഗം നടത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. കേസുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട എസ്.ഐ. എസ്.ജെ പ്രസാദിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രസന്നനെതിരെ നടപടി വേണമെന്ന് ബിന്ദുവും ആവശ്യപ്പെട്ടിരുന്നു. 

വീട്ടിലെ സഹായിയായി ജോലി ചെയ്തിരുന്ന പനയമുട്ടം സ്വദേശിയായ ബിന്ദുവിനെതിരെ ഏപ്രില്‍ 23നാണ് വീട്ടുടമയായ അമ്പലമുക്ക് സ്വദേശി ഓമന ഡാനിയേല്‍ പരാതി നല്‍കിയത്. വീട്ടിലെ മാല നഷ്ടപ്പെട്ടത് ഏപ്രില്‍ പതിനെട്ടിനായിരുന്നു. പരാതി പ്രകാരം പൊലീസ് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തു. വീട്ടില്‍ പോലും അറിയിക്കാതെ ഒരു രാത്രി മുഴുവനും സ്റ്റേഷനില്‍ ഇരുത്തി മനുഷ്യത്വ രഹിതമായി പെരുമാറുകയും ചോദ്യം ചെയ്യുകയുമായിരുന്നു. പിറ്റേ ദിവസം ഉച്ചയ്ക്ക് 12 മണി വരെയാണ് ബിന്ദുവിനെ പൊലീസ് അനധികൃതമായി കസ്റ്റഡിയില്‍ വച്ചത്. അധികാര ദുര്‍വിനിയോഗവും അമിതാധികാര പ്രയോഗവും നടത്തിയ പ്രസന്നന്‍ ബിന്ദുവിനെ അസഭ്യം പറഞ്ഞതായും തെളിഞ്ഞിരുന്നു. കുടിവെള്ളം വേണമെന്ന് പറഞ്ഞ തന്നോട് ശുചിമുറിയില്‍ ഉള്ളത് പോയി കുടിക്കാന്‍ പ്രസന്നന്‍ പറഞ്ഞുവെന്നും ബിന്ദു വെളിപ്പെടുത്തിയിരുന്നു. കേസില്‍ കണ്ട് പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയതായി കന്‍റോണ്‍മെന്‍റ് എസിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

മാല എങ്ങനെ നഷ്ടപ്പെട്ടുവെന്നും എവിടെ നിന്ന് തിരികെ കിട്ടിയെന്നും തനിക്കറിയണമെന്നും നീതി വേണമെന്നും ബിന്ദു മനോരമന്യൂസിനോട് പറഞ്ഞു. രാത്രിയായിട്ടും അമ്മയെ കാണാതിരുന്നതോടെ ഭയന്നു പോയിരുന്നുവെന്നും ആര്‍ക്കും ഇനി ഇത്തരമൊരു അവസ്ഥയുണ്ടാകരുതെന്നും ബിന്ദുവിന്‍റെ പെണ്‍മക്കളും പ്രതികരിച്ചിരുന്നു.

ENGLISH SUMMARY:

ASI Prasannan suspended following findings of abuse of power and inhumane treatment of Dalit woman Bindhu, falsely accused in a theft case in Thiruvananthapuram. The action follows a Manorama News report and suspension of SI S.J. Prasad related to the same case.