smartcity-clash

തിരുവനന്തപുരത്ത് സ്മാര്‍ട്ട് റോഡുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ ക്രെഡിറ്റ് തര്‍ക്കം മുറുകുന്നു. ഉദ്ഘാടനത്തിന് പ്രതിപക്ഷത്തെയോ ബിജെപി അംഗങ്ങളെയോ ഉള്‍പ്പെടുത്തിയില്ലെന്നതാണ് പ്രധാന വിമര്‍ശനം. കേന്ദ്ര ഫണ്ട് ഉള്‍പ്പെടുത്തിയുള്ള റോഡ് വികസനത്തിന്‍റെ ക്രെ‍ഡിറ്റ് മുഖ്യമന്ത്രി അടിച്ച് മാറ്റിയെന്ന് ബി.ജെ.പി ആരോപിക്കുമ്പോള്‍ മനസില്‍ ദുഷിച്ച ചിന്തയുള്ളവരാണ് ഈ രീതിയില്‍ പ്രതികരിക്കുന്നതെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ മറുപടി. 

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തലസ്ഥാന നഗരിയിലെ റോഡുകള്‍ സ്മാര്‍ട്ടായത്. കേന്ദ്രം അനുവദിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരമാണ് 12 റോഡിന്‍റെയും നിര്‍മാണം. ഇതിന്‍റെ ഉദ്ഘാടനം പൂര്‍ണമായും ഇടത് സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തുവെന്നാണ് ബി.ജെ.പി വിമര്‍ശനം. കേന്ദ്രം നല്‍കിയ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചിട്ടും ഒരു ബി.ജെ.പിക്കാരനെപ്പോലും ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിച്ചില്ലെന്ന് കുമ്മനം. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഉദ്ഘാടന വേദിയിലേക്ക് മാര്‍ച്ച് നടത്തി. 

സന്തോഷിക്കേണ്ട സമയത്തും ചിലരുടെ മനസില്‍ ദുഷിച്ച ചിന്തയുള്ളത് കൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ മറുപടി. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 1135 കോടി രൂപയാണ് ചെലവഴിച്ചത്. ഇതില്‍ 488 കോടി വീതമാണ് കേന്ദ്രവും സംസ്ഥാനവും നല്‍കിയത്. ഫണ്ട് വെറുതെ കിട്ടിയതല്ല കഷ്ടപ്പെട്ട് നേടിയെടുത്തതെന്ന് മേയര്‍. റോഡുകള്‍ സ്മാര്‍ട്ടായതിനൊപ്പം രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശത്തര്‍ക്കവും സ്മാര്‍ട്ടായി തുടരുന്നുവെന്ന് വ്യക്തം. 

ENGLISH SUMMARY:

Following the completion of smart roads in Thiruvananthapuram, a credit dispute has intensified. The main criticism is that opposition and BJP members were excluded from the inauguration. While the BJP accuses the Chief Minister of claiming sole credit for road development funded by the Centre, Minister Mohammed Riyas responded that such reactions come from those with a malicious mindset