പോസ്റ്റല്‍ ബാലറ്റ് തിരുത്തിയെന്ന വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി.സുധാകരന്‍റെ വീട്ടിലെത്തി മൊഴിയെടുത്തു. അമ്പലപ്പുഴ തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. തന്‍റെ പ്രസംഗത്തെ കുറിച്ചാണ് ചോദിച്ചതെന്നും മാന്യമായി മറുപടി നല്‍കിയെന്നും സുധാകരന്‍ പറഞ്ഞു. അന്വേഷണം അവസാനിച്ചു, ഇനി കലക്ടറാണ് നിലപാട് എടുക്കേണ്ടത്, താന്‍ ഭയക്കുന്നതെന്തിനെന്നും കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ എന്നും ജി.സുധാകരന്‍ പറഞ്ഞു
അതേസമയം ജി.സുധാകരനെ തള്ളി ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍. പോസ്റ്റല്‍ വോട്ട് തിരുത്തിയെന്ന ജി.സുധാകരന്റെ വെളിപ്പെടുത്തലില്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ആര്‍.നാസര്‍ പറഞ്ഞു. ജി.സുധാകരന്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നറിയില്ലെന്നും നാസര്‍ പ്രതികരിച്ചു.
36 വര്‍ഷങ്ങള്‍ക്ക് മുന്‍പുനടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസിന്‍റെ വക്കം പുരുഷോത്തമനെതിരെ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി കെ.വി.ദേവദാസിനുവേണ്ടി സിപിഎം ജില്ലാകമ്മറ്റി ഓഫീസില്‍വെച്ച് പോസ്റ്റല്‍ വോട്ടുകള്‍ തുറന്നു തിരുത്തി എന്നാണ് ജി. സുധാകരന്‍ വെളിപ്പെടുത്തിയത്. ഇതിന്റെ പേരിൽ കേസെടുത്താലും പ്രശ്നമില്ലെന്ന് എന്‍ജിഒ യൂണിയൻ പൂർവകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സുധാകരൻ പറഞ്ഞു