തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ആരംഭിച്ചതിനു പിന്നാലെ പറഞ്ഞതിൽ തിരുത്തുമായി മുതിർന്ന സി പി എം നേതാവ് ജി സുധാകരൻ. പോസ്റ്റൽ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും വോട്ട് ചെയ്യാത്ത പ്രവർത്തകർക്ക് ജാഗ്രത ഉണ്ടാകാൻ അൽപം ഭാവന കലർത്തി പറഞ്ഞതാണെന്നുമായിരുന്നു സുധാകരൻ ചേർത്തലയിൽ നൽകിയ വിശദീകരണം. ജി.സുധാകരനെതിരെ അന്വേഷണം നടത്താനും ഉചിതമായ നടപടി എടുക്കാനും ജില്ലാ കലക്ടർ പൊലീസിന് നിർദേശം നൽകി.
പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് പോസ്റ്റൽ വോട്ട് തിരുത്തി എന്ന വെളിപ്പെടുത്തലിൽ ജി. സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കാൻ നിർദേശം നൽകിയിരുന്നു. ആലപ്പുഴ ജില്ലാ കലക്ടർക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചതിനു പിന്നാലെ അമ്പലപ്പുഴ തഹസിൽദാർ പറവൂരിലെ വീട്ടിലെത്തി ജി.സുധാകരന്റെ മൊഴി രേഖപ്പെടുത്തി. മൊഴി എടുക്കൽ 40 മിനിറ്റ് നീണ്ടു. തനിക്ക് പറയാനുള്ളത് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും കൊലക്കുറ്റമൊന്നും ചെയ്യാത്തതിനാൽ ഭയമില്ലെന്നുമായിരുന്നു സുധാകരൻ്റെ പ്രതികരണം.
സുധാകരനെതിരെ അന്വേഷണം നടത്താനും ഉചിതമായ നടപടി എടുക്കാനും ജില്ലാ കലക്ടർ സൗത്ത് പൊലീസിന് നിർദേശം നൽകി. 36 വർഷം മുൻപുള്ള സംഭവമായതിനാൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് പൊലിസ് നിയമോപദേശം തേടി. വൈകിട്ട് ചേർത്തല കടക്കരപ്പള്ളിയിൽ നടന്ന സിപിഐ പരിപാടിയിൽ പ്രസംഗിക്കുമ്പോളായിരുന്നു വിവാദ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ജി. സുധാകരൻ മലക്കം മറിഞ്ഞത്. പോസ്റ്റൽ ബാലറ്റ് പൊട്ടിച്ചിട്ടില്ലെന്നും അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നു പ്രവർത്തകർക്ക് ഭാവന കലർത്തി ജാഗ്രത നിർദേശം നൽകിയതാണെന്നുംസുധാകരൻ.
1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ വി ദേവദാസ് മൽസരിച്ചപ്പോൾ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ചു തിരുത്തി എന്നായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തൽ. ജി.സുധാകരനെതിരെ രണ്ട് പരാതികൾ പൊലീസിന് ലഭിച്ചു.
ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ സിപിഎമ്മും വെട്ടിലായി. പോസ്റ്റൽ ബാലറ്റുകൾ തിരുത്തിയിട്ടില്ലെന്നും സുധാകരൻ അങ്ങനെ പറഞ്ഞതെന്തിനെന്ന് അറിയില്ലെന്നും സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.