തമ്മിലടിച്ച് തിരിച്ചുവരവ് ഇല്ലാതാക്കരുതെന്ന് കെപിസിസിയുടെ പുതിയ നേതൃത്വത്തോട് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് രാഹുലിന്റെ നിര്‍ദേശം. അതൃപ്തി തുടരുന്ന കെ.സുധാകരന്‍ അടക്കമുള്ളവരുമായി ഹൈക്കമാന്‍ഡ് സംസാരിച്ചേക്കും. സംഘടനയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചു എന്നും 2026ല്‍ UDFഅധികാരത്തിലേറുമെന്നും അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.
പുതിയ നേതൃത്വത്തിന്‍റെ ആദ്യ ഡൽഹി യാത്രയിൽ സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് കെ.സുധാകരന്‍ അടക്കം മുന്‍ പ്രസിഡന്റുമാര്‍ ഒന്നടങ്കം മാറിന്നത് ഹൈക്കമാന്‍ഡ് ഗൗരവത്തോടെയാണ് കാണുന്നത്. യോഗത്തിലെ രാഹുൽ ഗാന്ധിയുടെ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നു. നേതാക്കൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. ഒന്നിച്ച് നിന്നാലെ വിജയിച്ച് തിരിച്ചുവരാനാകു. പാര്‍ട്ടി പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണ് കേരളമെന്നും രാഹുല്‍ ഗാന്ധിപറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ – നിയമസഭ ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. സംഘടനാപരമായ പൊളിച്ചെഴുത്തുകൾക്ക് സണ്ണി ജോസഫിന് സ്വാതന്ത്ര്യം നൽകി.
മുന്നണി വിട്ട് പോയവരെ തിരികെ കൊണ്ട് വരാനുള്ള ശ്രമം കൂട്ടായ ആലോചനകള്‍ക്ക് ശേഷം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അതൃപ്തി, പൊട്ടിത്തെറി റിപ്പോര്‍ട്ടുകൾ പലത് വന്നിട്ടും പാലക്കാട് തിരഞ്ഞെടുപ്പില്‍ ജനം വിധി എഴുതിയത് കണ്ടതാണല്ലോ എന്ന് വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.
വർക്കിംഗ് പ്രസിഡന്‍റുമാരായ എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്,എം. എം.ഹസന്‍, ശശി തരൂർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.തീരുമാനങ്ങൾ എടുക്കുന്നത് കൂടിയാലോചനയിലൂടെയാണമെന്ന് നേതാക്കൾ യോഗത്തിൽ പറഞ്ഞു.