കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സൈബറിടങ്ങളിലെ വിവാദം സണ്ണി ജോസഫ് സഭയുടെ നോമിനിയെന്നായിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപുള്ള നേതൃമാറ്റം സണ്ണി ജോസഫ് എന്ന പേരിലെത്തി നിന്നതിൽ നിർണായകമായത് സഭാ നിലപാടാണെന്നായിരുന്നു ഇടത് സൈബര്‍ ഇടങ്ങള്‍ പ്രചരിപ്പിച്ചത്. ഇപ്പോഴിതാ ഇതിനെതിരെ ശക്തമായി രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ ഇടുക്കി ഡിസിസി പ്രസിഡന്‍റുമായ ഇബ്രാഹിം കുട്ടി കല്ലാർ.
സണ്ണി ജോസഫിനെ സഭയുടെ നോമിനിയായി ചിത്രീകരിക്കുന്ന നിങ്ങള്‍ കോൺഗ്രസിനെ സംബന്ധിച്ച് എന്താണ് മനസ്സിലാക്കിയിരിക്കുന്നതെന്നും താരതമ്യേന മുസ്ലിം സമുദായം വളരെ കുറവുള്ള ഇടുക്കിജില്ലയിൽ ഡിസിസി അധ്യക്ഷനായി അഞ്ചുവർഷത്തോളം ഇരുന്ന പൊതുപ്രവർത്തകനാണ് താനെന്നും അവിടെ ജാതി നോക്കിയാണോ തന്നെ വച്ചതെന്നും എന്‍റെ പാർട്ടി എന്റെ അഭിമാനമാണ് എന്നതുപോലെ ഓരോ കോൺഗ്രസ് പ്രവർത്തകനും അഭിമാനമാണ് പാർട്ടിയെന്നും ഇബ്രാഹിം കുട്ടി കല്ലാർ കുറിക്കുന്നു.
കുറിപ്പ്
നിയുക്ത കെപിസിസി അധ്യക്ഷനായി ശ്രീ സണ്ണി ജോസഫ് എംഎൽഎ ഹൈക്കമാൻഡ് നിയോഗിച്ച മുതൽ എൽഡിഎഫ് ബിജെപി പ്രവർത്തകരായിട്ടുള്ള ചിലർ അദ്ദേഹത്തെ കത്തോലിക്കാ സഭയുടെ നോമിനിയായി ചിത്രീകരിക്കുന്നത് കാണുകയുണ്ടായി. നിങ്ങൾ കോൺഗ്രസിനെ സംബന്ധിച്ച് എന്താണ് മനസ്സിലാക്കിയിരിക്കുന്നത്? മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് യോഗ്യതയാണോ? എന്റെ അനുഭവം ഞാൻ പറയാം. താരതമ്യേന മുസ്ലിം സമുദായം വളരെ കുറവുള്ള ഇടുക്കിജില്ലയിൽ ഡിസിസി അധ്യക്ഷനായി അഞ്ചുവർഷത്തോളം ഇരുന്ന എളിയവനായ പൊതുപ്രവർത്തകനാണ് ഞാൻ. അവിടെ ജാതി നോക്കിയാണോ എന്നെ വെച്ചത്? എന്റെ പാർട്ടി എന്റെ അഭിമാനമാണ് എന്നതുപോലെ ഓരോ കോൺഗ്രസ് പ്രവർത്തകനും അഭിമാനമാണ് പാർട്ടി. സണ്ണി ജോസഫ് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ, എംഎൽഎ, നിലവിൽ രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ സ്ഥാനങ്ങളിൽ എല്ലാം ഇരുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം അർഹനാണ്. അതേപോലെതന്നെ ആന്റോ ആന്റണിഎം പി കോൺഗ്രസിന്റെ സമുന്നതനായ നേതാവ് തന്നെയാണ്. ജനഹൃദയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എംപിയാണ്. കോട്ടയം ഡിസിസി പ്രസിഡണ്ട് എന്ന നിലയിൽ രാജ്യത്തെ തന്നെ ഏറ്റവും നല്ല പ്രസിഡണ്ടിനുള്ള സമ്മാനം വാങ്ങിയ ആളാണ്. ഇടത് ബിജെപി പ്രൊഫൈലുകളിൽ ഈ രണ്ടു നേതാക്കൾക്കെതിരെയുള്ള പ്രചാരണം ആത്മാഭിമാനമുള്ള ഒരു പ്രസ്ഥാനത്തിനും നല്ലതല്ല. ജയ് ഹിന്ദ്