ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം എം.എല്‍.എ എ രാജയുടെ വിജയം ശരിവച്ച് സുപ്രീം കോടതി. വിജയം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എം.എല്‍.എ എന്നനിലയില്‍ ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും രാജയ്ക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
രണ്ടുവര്‍ഷത്തിലേറെനീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ എ.രാജയ്ക്കും സി.പി.എമ്മിനും സുപ്രീം കോടതിയിലും വിജയം. രാജയ്ക്ക് പട്ടികജാതി സംവരണ സീറ്റില്‍ മല്‍സരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഡി.കുമാറിന്‍റെ തിരഞ്ഞെടുപ്പ് ഹർജി തള്ളി. നിയമസഭാ അംഗമെന്ന നിലയിൽ രാജയ്ക്ക് മുഴുവൻ കാലയളവിലെയും എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും ജസ്റ്റിസ് എ.അമാനുള്ള വിധിച്ചു.
രാജ പരിവര്‍ത്തിത കൃസ്ത്യനാണെന്നാരോപിച്ച് ഡി.കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് 2023 മാർച്ച് 20ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. രാജയുടെ വിവാഹ ഫോട്ടോ, പള്ളിയിലെ രജിസ്റ്റർ, മാമോദീസ രജിസ്റ്റര്‍ തുടങ്ങിയവയും കുമാര്‍ ഹാജരാക്കിയിരുന്നു.
ഹിന്ദു പറയർ വിഭാഗക്കാരനായ തന്‍റെ പൂര്‍വികര്‍ 1950നു മുന്‍പേ തമിഴ്നാട്ടില്‍നിന്ന് ഇടുക്കിയിലേക്ക് കുടിയേറിയിരുന്നുവെന്നും തനിക്ക് സംവരണത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു രാജയുടെ വാദം. രാജയുടെ അപ്പീലിലില്‍ ഹൈക്കോടതി വിധി ഉപാധികളോടെ നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തു. തുടര്‍ന്ന് രാജയ്ക്ക് എം.എല്‍.എയായി തുടരാനായെങ്കിലും നിയമസഭയില്‍ വോട്ടവകാശവും ആനൂകൂല്യങ്ങളും ഇല്ലായിരുന്നു.