കെ.പി.സി.സി നേതൃമാറ്റത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കങ്ങളിൽ യു.ഡി.എഫ് ഘടകകക്ഷികൾക്ക് കടുത്ത ആശങ്ക. കോൺഗ്രസിലെ പോര് ഗുണം ചെയ്യില്ലെന്ന് ഘടകകക്ഷികൾ. നിലപാട് കടുപ്പിച്ച കെ.സുധാകരൻ, കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയെ മാറ്റണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. സുധാകരനെ അനുകൂലിച്ച് പാലായിലും ഈരാട്ടുപേട്ടയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
കെ.പി.സി.സി അധ്യക്ഷസ്ഥാനത്തിലുള്ള അനിശ്ചിതത്വം ദോഷം ചെയ്യുമെന്നാണ് ഘടകക്ഷികളുടെ ആശങ്ക. മുസ്ലിംലീഗ് ആർഎസ്പി അടക്കമുള്ള കക്ഷികൾ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നേതൃമാറ്റം കോൺഗ്രസിൻറെ വിഷയമാണെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ഒരുമിച്ചാണ്. സുധാകരനെ മാറ്റുമ്പോൾ ഒറ്റക്കെട്ടായി നയിക്കാൻ ശേഷിയുള്ള മുഖത്തെ തന്നെ അധ്യക്ഷനാക്കണമെന്നും ചില ഘടകകക്ഷികൾക്ക് അഭിപ്രായമുണ്ട്.
അതേസമയം പിന്നോട്ടില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കെ.സുധാകരൻ നിലപാട് കടുപ്പിച്ചു. അനാരോഗ്യം കണക്കിലെടുത്ത് തന്നെ മാറ്റണമെന്ന് ഹൈക്കമാന്റിനെ റിപ്പോർട്ട് നൽകിയ കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിയെ മാറ്റണമെന്നു ആവശ്യപ്പെട്ട് സുധാകരൻ കത്തയച്ചു. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിക്ക് ഉത്തരവാദിയാണെന്നും സുധാകരൻ ആരോപിക്കുന്നു. അതേസമയം സുധാകരനെ അനുകൂലിച്ച്,സേവ് കോൺഗ്രസ് രക്ഷാസമിതി പൂഞ്ഞാർ എന്ന പേരിൽ കോട്ടയത്തും ഈരാറ്റുപേട്ടയിലും ബോർഡുകൾ സ്ഥാപിച്ചു. കണ്ണൂരിലും ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.