സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതിക്ക് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതിനുള്ള വിലക്ക് തുടരും. കേരളത്തില്‍ സംഘടനാപരമായ ചുമതലകളില്ലാത്ത ശ്രീമതി സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്. അതേസമയം, പി.കെ. ശ്രീമതിക്ക് സമയവും സൗകര്യവും ഉളള്പ്പോള് സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാമെന്ന് കെ.കെ.ശൈലജ പറഞ്ഞു.
ഇക്കഴിഞ്ഞ പത്തൊന്പതിന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാനെത്തിയ പി.കെ.ശ്രീമതിയുടെ മുഖത്തുനോക്കി നിങ്ങള്‍ക്ക് ഇവിടെ ഇളവ് നല്‍കിയിട്ടില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന് ആണ്. ശ്രീമതിയുടെ വിലക്ക് വിലക്ക് തന്നെ സംസ്ഥാന നേതൃത്വം തറപ്പിച്ചുപറയുന്നതും അതുകൊണ്ട് തന്നെയാണ്. മഹിളാ അസോസിയേഷന് ദേശീയ അധ്യക്ഷ എന്ന നിലയില്‍ പ്രായപരിധി കഴിഞ്ഞിട്ടും കേന്ദ്രകമ്മിറ്റിയില്‍ തുടരാന്‍ ഇളവ് ലഭിച്ച ശ്രീമതിക്ക് കേരളത്തില്‍ പ്രത്യേക ചുമതലകളില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
ദേശീയ മഹിളാ അസോസിയേഷനുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോള്‍ ശ്രീമതിക്ക് സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാമെന്ന് പറയുമ്പോഴും അത്തരം കാര്യങ്ങള്‍ സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയ്ക്ക് വരാറില്ലെന്നതാണ് വാസ്തവം. കേരളത്തില്‍ നിന്ന് കേന്ദ്രകമ്മിറ്റിയിലുണ്ടായിരുന്ന കോടിയേരി ബാലകൃഷ്ണന്, പി.കെ. ശ്രീമതി, എ.കെ.ബാലന് എന്നിവരുടെ ഒഴിവുകളിലേക്കാണ് ടി.പി.രാമകൃഷ്ണന്, പുത്തലത്ത് ദിനേശന്, കെ.എസ്.സലീഖ എന്നിവര്‍ വന്നതെന്നും നേതൃത്വം വിശദീകരിക്കുന്നു. എന്നാല്‍, ശ്രീമതിക്ക് വിലക്കില്ലെന്ന് ജനറല്‍സെക്രട്ടറി എം.എ.ബേബിയുടെ പരസ്യനിലപാട് കെ.കെ.ശൈലജയും ആവര്‍ത്തിച്ചു.
ബേബിയുടെ നിലപാടിലൂടെ വിഷയത്തില്‍ സംസ്ഥാന–ദേശീയ നേതൃത്വങ്ങള്‍ രണ്ടുതട്ടിലായി. എന്നാല്‍, ശ്രീമതിയെ മുഖ്യമന്ത്രി വിലക്കുമ്പോള്‍ ആ യോഗത്തിലുണ്ടായിരുന്ന എം. എ. ബേബി അന്ന് മറിച്ചൊരു അഭിപ്രായം പറഞ്ഞില്ലെന്നതും ചര്‍ച്ചയായിട്ടുണ്ട്. ചുരുക്കത്തില്‍ ശ്രീമതിയുടെ മുഖത്ത് നോക്കി തീരുമാനം പ്രഖ്യാപിച്ചത് പിണറായി ആണെന്നിരിക്കെ, മറിച്ചൊരു തീരുമാനം പാര്‍ട്ടിയില്‍ ആരും പ്രതീക്ഷിക്കുന്നില്ല.