സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേന്ദ്രകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്‍റുമായ പി.കെ.ശ്രീമതിക്ക് വിലക്ക്. പി.കെ.ശ്രീമതി ഡല്‍ഹിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കേരളഘടകത്തില്‍ നിന്ന് നിര്‍ദേശം ഉയര്‍ന്നു. ശ്രീമതിക്ക് മാത്രമായി പ്രത്യേക ഇളവില്ലെന്ന് 19ന് നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയും പി.ബി അംഗവുമായ പിണറായി വിജയന്‍ തുറന്നടിച്ചു. ഇതോടെ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ നിന്ന് ശ്രീമതി വിട്ടുനില്‍ക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗങ്ങളിൽ പങ്കെടുക്കാമെന്നിരിക്കെ  അസാധാരണമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാൽ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഇതേപ്പറ്റി പറഞ്ഞിരുന്നില്ലെന്ന് ശ്രീമതി യോഗത്തിൽ പറഞ്ഞതായാണ് സൂചന.

ശ്രീമതിക്ക് ഇളവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ കമ്മറ്റിയിൽ ഉണ്ടായിരുന്ന ജനറൽ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മൗനം പാലിച്ചു. കൊല്ലം സമ്മേളനത്തിൽ പ്രായപരിധിക്കനുസരിച്ച് സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയ പി.കെ.ശ്രീമതി, കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ പാർട്ടി കോൺഗ്രസിൽ ഇളവ് വാങ്ങി കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നത്  പിണറായിയെ ചൊടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീം , കെ.സലീഖ എന്നിവർ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ വാര്‍ത്ത അടിസ്ഥാരഹിതമാണെന്ന് ശ്രീമതി വാദിക്കുന്നു. 

ENGLISH SUMMARY:

Pinarayi Vijayan bars P.K. Sreemathi from participating in the CPM Secretariat meeting, stating no special exemptions. Sreemathi's absence follows Kerala state guidelines urging focus on national level.