കോൺഗ്രസ് വിട്ടു വന്ന പി സരിന് സർക്കാരിൽ നിർണായക പദവി നൽകാൻ സിപിഎം. സര്‍ക്കാരിന്‍റെ അഭിമാന പദ്ധതികളിൽ ഒന്നിന്‍റെ തലപ്പത്തേക്ക് കൊണ്ടുവരാൻ സിപിഎം നേതൃത്വത്തിൽ ധാരണയായി. ഏതു പദവി എന്ന തീരുമാനിച്ച് സർക്കാർ ഉത്തരവ് വൈകാതെ ഇറങ്ങിയേക്കും.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് സിപിഎമ്മിന്‍റെ ഈ നീക്കം. പ്രതിസന്ധിഘട്ടത്തില്‍ സഹായവുമായെത്തിയവരെ കൈവിടില്ലെന്ന സന്ദേശം കൂടി നല്‍കുകയാണ് ഈ നീക്കത്തിന് പിന്നില്‍ എന്നു കരുതുന്നു . അതിനാല്‍ തന്നെ നിര്‍ണായകമായൊരു പദവിയില്‍ സരിന്‍ എത്തുമെന്നാണ് പ്രതീക്ഷ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പ്രതിസന്ധിഘട്ടത്തിൽ എത്തിയ സരിനെ ഇത്തരത്തില്‍ ചേർത്തുനിർത്തുകയാണ് സിപിഎം. പാർട്ടി നേതൃത്വത്തിനിടയിൽ ഇത് സംബന്ധിച്ച ധാരണയായി. മുഖ്യമന്ത്രിയുമായും പി.സരിൻ ആശയവിനിമയം നടത്തിയതായാണ് സൂചന.
സിവിൽ സർവീസിൽ നിന്നും രാഷ്ട്രീയത്തിൽ എത്തിയ സരിന്റെ കഴിവ് പ്രയോജനപ്പെടുത്താൻ ആണ് സിപിഎം തീരുമാനം. കെപിസിസിയുടെ ഡിജിറ്റൽ മീഡിയയുടെ ചുമതലമുണ്ടായിരുന്ന സരിന് സർക്കാരിൻറെ അഭിമാന പദ്ധതികളെ മുന്നോട്ടു നയിക്കാൻ കഴിയുമെന്നാണ് സർക്കാർ വിശ്വാസം. സരിന് പുതിയ പദവി നൽകി കൊണ്ടുള്ള ഉത്തരവ് വൈകാതെ ഇറങ്ങിയേക്കും.