ഇടുക്കി പരുന്തുംപാറ കയ്യേറ്റത്തിൽ റവന്യൂ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. കയ്യേറ്റ ഭൂമിയിൽ കുരിശ് നിർമ്മിച്ചത് ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്ന് ജില്ല സെക്രട്ടറി സി വി വർഗീസ്. കയ്യേറ്റത്തിന് മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ മതശക്തികൾ നിലപാട് സ്വീകരിക്കണമെന്നും സി വി വർഗീസ്.
പരുന്തുംപാറയിൽ സർക്കാർ ഭൂമി കൈയ്യേറി വൻകിട റിസോർട്ട് ഉൾപ്പെടെ വ്യാപക നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ജില്ലാ കലക്ടർ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത് മറികടന്ന് തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് റിസോർട്ടിനോട് ചേർന്ന് കുരിശ് നിർമ്മിച്ചിരുന്നു. കുരിശ് പൊളിച്ചുമാറ്റിയെങ്കിലും രണ്ടുദിവസം കൊണ്ട് 20 അടിയുള്ള കുരിശു നിർമ്മിച്ചത് സി പി ഐ ഭരിക്കുന്ന റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്നാണ് വിമർശനം. ജനങ്ങളെ സർക്കാരിനെതിരാക്കി റവന്യു ഉദ്യോഗസ്ഥർ വൻകിട കയ്യേറ്റക്കാരെ സഹായിക്കുകയാണ്. വൻകിട നിർമ്മാണങ്ങൾ നിയന്ത്രിക്കാതെ ജില്ല ഭരണകൂടം ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും സിപിഎം ജില്ല സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.
പരുന്തുംപാറയിലെ നിരോധനാജ്ഞ സാധാരണക്കാരെ വലയ്ക്കുകയാണെന്നാണ് സിപിഎം വിലയിരുത്തൽ. നിരോധനാജ്ഞ നിലനിൽക്കെ മേഖലയിൽ സർവ്വേ നടപടികൾ പുരോഗമിക്കുകയാണ്. സിപിഎം ജില്ല നേതൃത്വം നാളെ പരുന്തുംപാറ സന്ദർശിക്കും.