a-padmakumar-cpm-state-committee

സിപിഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് പത്തനംതിട്ട സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.പത്മകുമാര്‍. ചതിവ്, വഞ്ചന, അവഹേളനം– 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം എന്ന് പത്മകുമാറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വീണാ ജോര്‍ജിനെ സ്ഥിരം ക്ഷണിതാവാക്കിയതിലും പ്രതിഷേധം. പ്രൊഫൈല്‍ ചിത്രവും മാറ്റി. ഉച്ചഭക്ഷണത്തിന് നില്‍ക്കാതെ പ്രതിഷേധ സൂചകമായി സമ്മേളന നഗരിയായ കൊല്ലം വിട്ട് പത്മകുമാര്‍. പിന്നീട് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമമുണ്ടെന്ന് പത്മകുമാര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. പ്രൊമോഷന്റെ അടിസ്ഥാനം പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാകണം. പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനം മാത്രം അടിസ്ഥാനമാക്കരുത്. എന്തുകൊണ്ട് എന്നെ ഉള്‍പ്പെടുത്തിയില്ലെന്ന് എം.വി.ഗോവിന്ദനോട് ചോദിക്കണമെന്നും പത്മകുമാര്‍. പാര്‍ട്ടി വിട്ട് പോകില്ല, എങ്ങും പോകാനുമില്ല ഇന്നല്ലെങ്കില്‍ നാളെ തിരുത്തി കമ്യൂണിസ്റ്റ് പാര്‍ട്ടി യഥാര്‍ഥ പാര്‍ട്ടിയാകുമെന്നും പത്മകുമാര്‍.

അതേസമയം, 17 പുതുമുഖങ്ങളുമായി മുഖംമിനുക്കുകയാണ് സിപിഎം സംസ്ഥാന സമിതി. എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും. എംവി ജയരാജന്‍, സി.എന്‍.മോഹനന്‍, കെ.കെ.ശൈലജ എന്നിവര്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. 89 അംഗ സിപിഎം സംസ്ഥാനസമിതിയില്‍ 17 പേരാണ് പുതുമുഖങ്ങള്‍.

മന്ത്രി ആര്‍.ബിന്ദു, ജോണ്‍ ബ്രിട്ടാസ് എം.പി, ഡി.കെ.മുരളി എംഎല്‍എ, കെ.ശാന്തകുമാരി എം.എല്‍.എ, കണ്ണൂരില്‍നിന്ന് എം.പ്രകാശന്‍, ആലപ്പുഴയില്‍ നിന്ന് കെ.പ്രസാദ്, കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍, ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി വി.െക.സനോജ്, പ്രസിഡന്റ് വി.വസീഫ്, ബിജു കണ്ടക്കൈ എന്നിവരും സംസ്ഥാന സമിതിയിലെത്തി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംസ്ഥാനസമിതിയിലെ പ്രത്യേക ക്ഷണിതാവ്.  

ENGLISH SUMMARY:

CPM Pathanamthitta District Secretariat member A. Padmakumar expressed his protest over being excluded from the State Committee. In a Facebook post, Padmakumar described his 52-year-long service as a "balance sheet of betrayal, deceit, and humiliation," signing off with "Lal Salaam." He also voiced his disapproval of Veena George being made a permanent invitee to the committee. As a mark of protest, Padmakumar changed his profile picture and left the conference venue in Kollam without attending the lunch session.