സിപിഎം പൊതുസമ്മേളനത്തിൽ നവകേരളത്തിനായി പുതുവഴികളെന്ന രേഖയുടെ ഉദ്ദേശ്യവും ലക്ഷ്യവും വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം അർഹിച്ചതുപോലും തരാതിരിക്കുമ്പോൾ കേരളം പ്രവർത്തിയിലൂടെ മറുപടി പറയണമെന്ന് പിണറായി വിജയൻ തന്നെ കേട്ട ജനകൂട്ടത്തോട് പറഞ്ഞു. കേന്ദ്ര സഹായം പ്രതീക്ഷിക്കാനാവില്ല, അര്‍ഹമായ സഹായംപോലും ഇല്ല. ബി.ജെ.പിയെ സ്വീകരിക്കാത്തതിനാല്‍ കേരളത്തെ ശത്രുക്കളായി കാണുന്നു. മാധ്യമങ്ങള്‍ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ തുറന്നുകാട്ടുന്നില്ലെന്നും മുഖ്യമന്ത്രി. അതേസമയം, നാടിന്റെ താൽപര്യത്തിന് സ്വീകാര്യമായ ഏതു തരത്തിലുള്ള മൂലധന നിക്ഷേപവും സ്വീകരിക്കുമെന്നുമുള്ള തീർപ്പും സമ്മേളനത്തില്‍. മുന്നോട്ടുപോകാന്‍ വിഭവസമാഹരണം അനിവാര്യമാണ്. ഇതാണ് സമ്മേളനം അടിവരയിട്ട് പറയുന്നത്. കേരളത്തില്‍ പുതിയ സാഹചര്യം വന്നതിന്റെ തെളിവാണ് നിക്ഷേപസംഗമെന്നും മുഖ്യമന്ത്രി.
മൂന്നാം ഭരണത്തിലേക്കാണ് പാർട്ടിയുടെ യാത്രയെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രകാശ് കാരാട്ടും പറഞ്ഞു. എസ്.ഡി.പി.ഐ. ജമാഅത്തെ ഇസ്ലാമി എന്നിവരെ സമ്മേളനത്തില്‍ വിമര്‍ശിക്കുകയും ചെയ്തു. ഇവർക്കൊപ്പം ചേരുന്നുവെന്ന് മുസ്ലിം ലീഗിനും വിമർശനം. ജമാഅത്തെ ഇസ്‌ലാമി– എസ്.ഡി.പി.ഐ തടങ്കല്‍പാളയത്തിലാണ് ലീഗെന്നും അവരെ ഒപ്പംചേര്‍ത്താണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതെന്നും എം.വി.ഗോവിന്ദന്‍ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തെക്കുറിച്ച് ശശി തരൂര്‍ പറഞ്ഞതാണ് ശരിയെന്നും ഗോവിന്ദന്‍. കേരളത്തിലെ പാര്‍ട്ടി ഐക്യപ്പെട്ടിരിക്കുന്നെന്ന് കാരാട്ട്.
നഗരത്തെ ചെങ്കടലാക്കി, കാൽലക്ഷം ചുവപ്പു സേനക്കാർ അണിനിരന്ന മാർച്ചിനൊപ്പം തുറന്ന വാഹനത്തിലാണ് മുഖ്യമന്ത്രിയടക്കം പൊതുസമ്മേളന വേദിയിലേയ്ക്കെത്തിയത്. പാതയ്ക്കിരുവശവും നിന്നവരെ നേതാക്കൾ അഭിവാദ്യം ചെയ്തു. സംസ്ഥാന സെക്രട്ടറിയായിരുന്നു സമ്മേളനത്തിന്‍റെ അധ്യക്ഷന്‍. തുടർന്ന് ദേശീയ കോഡിനേറ്റർ പ്രകാശ് കാരാട്ട് പൊതുസമ്മേളനത്തിന്‍റെ ഉദ്ഘാടകനായി. സർക്കാരിനെയും, മുഖ്യമന്ത്രിയേയും പ്രശംസിച്ച കാരാട്ട്, പാർട്ടിയുടെ ഐക്യപ്പെടലിനെയും വാഴ്ത്തി. മൂന്നാമനായി സമ്മേളനത്തിലൊന്നാമനായ മുഖ്യമന്ത്രി. വികസന രേഖ അവതരിപ്പിച്ച അതേ ആത്മവിശ്വാസത്തിലും, ദൃഡനിശ്ചയത്തിലും രേഖയെക്കുറിച്ച് ജനങ്ങളോട് പറഞ്ഞു. കേന്ദ്ര സർക്കാർ കേരളത്തോട് ശത്രുതാമനോഭാവം പുലർത്തുമ്പോൾ സ്വീകരിക്കുന്ന ബദൽ നയവും വിശദീകരിച്ചു.