തിരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് ഉണർന്നിരിക്കുകയാണ്. ഇക്കുറി ഒരു മാറ്റമുണ്ട്. സീറ്റുമോഹികൾ അല്ല, ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർഥി മോഹികളാണ് കൂടുതൽ. മുഖ്യമന്ത്രി മോഹികളെക്കുറിച്ച് അറിയണമെങ്കിൽ മമ്മൂട്ടി സിനിമയില്‍ പറഞ്ഞതുപോലെ, ആദ്യം കോൺഗ്രസിലെ ഗ്രൂപ്പുകള്‍ അറിയണം, ഗ്രൂപ്പ് സമവാക്യങ്ങൾ അറിയണം.
ആദ്യം ഫ്ളാഷ്ബാക്ക്: കേരളത്തിലെ കോൺഗ്രസിന്റെ പ്രധാന ഡിഎൻഎയാണ് ഗ്രൂപ്പ്. ഇന്നോ ഇന്നലെയോ അല്ല, ഐക്യകേരള രൂപീകരണത്തിന് മുൻപേ ഗ്രൂപ്പുണ്ട്. ശങ്കർ -ചാക്കോ അച്ചുതണ്ട്, സി.കെ.ജി ഗ്രൂപ്പ്, ചാക്കോ ഗ്രൂപ്പ് അങ്ങനെയങ്ങനെ. എന്നാൽ, ഇന്നും നിലനിൽക്കുന്ന ഒന്ന് എ, ഐ ഗ്രൂപ്പ് സംവിധാനങ്ങളും അതിന്റെ പരിണാമങ്ങളുമാണ്. അതിന് രൂപം നൽകിയത് കെ.കരുണാകരനും എ.കെ.ആന്റണിയും.
കരുണാകരന്റെ ഐ ഗ്രൂപ്പ് ആളും ആരവവുമുള്ള മാസ് ഗ്രൂപ്പായിരുന്നു. ആദർശം കൈമുതലാക്കിയ നേതാക്കളുടെ കൂട്ടായ്മയായ ആന്റണിയുടെ എ ഗ്രൂപ്പ് കേഡർ സംവിധാനമുള്ളതാണ്. കരുണാകരനും ആന്റണിയും വച്ചൊഴിഞ്ഞപ്പോൾ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഗ്രൂപ്പുകളുടെ മേധാവിമാരായി.
ഇതിനിടയിൽ വയലാർജിയുടെ നാലാം ഗ്രൂപ്പ്, തിരുത്തൽവാദികൾ അങ്ങനെ പല ഗ്രൂപ്പുകളും പിറന്നു, പോയി. എന്നിട്ടും എല്ലാക്കാലത്തും എ, ഐ ഗ്രൂപ്പുകള്‍ അതിജീവിച്ചുനിന്നു. അതിന് സമീപകാലത്ത് സംഭവിച്ച രാസപരിണാമങ്ങളാണ് ഈ പഠനം.
ഐ ഗ്രൂപ്പിലെ പരിണാമങ്ങൾ
ഗ്രൂപ്പ് 1 - ഐ ഗ്രൂപ്പ് കെ.സി: ഏറ്റവും പ്രബല ഗ്രൂപ്പ്. തൂണിലും തുരുമ്പിലും എന്തിന് മറ്റ് ഗ്രൂപ്പുകളിൽ പോലും സ്‍ലീപ്പർ സെല്ലുകളുള്ള ഗ്രൂപ്പാണിത്. കെ.സി.വേണുഗോപാൽ ദേശീയതലത്തിൽ പിടിമുറുക്കിയശേഷം ഉയർന്നുപൊങ്ങിയ ഗ്രൂപ്പ്, കഴിഞ്ഞ പുനഃസംഘടനയോടെ ശക്തിപ്രാപിച്ചു. കാംപസ് പ്ലേസ്‍മെന്റ് ഉറപ്പുനൽകുന്നത് പോലെയാണ് ഇവിടെ. കയറിപ്പറ്റിയാൽ സ്ഥാനം ഉറപ്പ്. എ.പി.അനിൽകുമാർ ആണ് ഗ്രൂപ്പിന്റെ പ്രധാന മാനേജർ.
ഗ്രൂപ്പ് 2 - ഐ ഗ്രൂപ്പ് വി.ഡി: ഐയുടെ ലേബലിൽ കരുത്തുള്ള രണ്ടാം ഗ്രൂപ്പ്. ഐ (വി.ഡി.സതീശൻ) ഗ്രൂപ്പ്. എറണാകുളത്ത് അപ്രമാദിത്യമുള്ള ഈ ഗ്രൂപ്പിന് മറ്റ് ജില്ലകളിലും സ്വാധീനമുണ്ട്. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഗ്രൂപ്പായതിനാൽ ആളൊഴുക്കുണ്ട്. രമേശ് ഗ്രൂപ്പ് നയിച്ചിരുന്നപ്പോൾ ജനറൽ മാനേജരായിരുന്നു വി.ഡി. അതിനാലാകാം, ഈ ഗ്രൂപ്പിന് മാനേജർമാർ ഇല്ല. ഇടനിലക്കാരില്ലാതെ ബോസിനോട് നേരിട്ട് ഇടപെടാം.
ഗ്രൂപ്പ് 3 - ഐ ഗ്രൂപ്പ് സുധാകരൻ: കെ.സുധാകരൻ കെ.പി.സി.സി അധ്യക്ഷനായശേഷം ഉയർന്നുവന്ന ഗ്രൂപ്പാണിത്. നടന്നതും നടക്കാനിരിക്കുന്നതും നടന്നേക്കാവുന്നതുമായ പുനഃസംഘടനകളിൽ സ്ഥാനം സ്വപ്നം കണ്ടുനിൽക്കുന്നവരാണ് കൂടുതൽപേരും. കെ.ജയന്തും എം.ലിജുവുമാണ് ഗ്രൂപ്പ് മാനേജർമാർ. രമേശിനോട് ഇന്നും കൂറുപുലർത്തുന്ന ലിജുവിന്റെ സ്ഥാനം ഗ്രൂപ്പിൽ പൂർണമായി ഉറച്ചിട്ടില്ല. ഏതായാലും ഇവിടെ സിംഗിൾ വിൻഡോ കൗണ്ടർ ഇല്ല.
ഗ്രൂപ്പ് 4 - ഐ ഗ്രൂപ്-രമേശ്: കെ. കരുണാകരൻ പാർട്ടി വിട്ടപ്പോൾ വിശാല ഐ ഗ്രൂപ്പുണ്ടാക്കി ശക്തിതെളിയിച്ച രമേശ് ചെന്നിത്തലയ്ക്കാണ് പുതിയ കാലത്ത് ഏറ്റവും ക്ഷീണം സംഭവിച്ചത്. അൻവർ സാദത്ത്, ജോസഫ് വാഴക്കൻ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവരാണ് ഇന്നും കൂടെയുള്ളത്. പഴയ പ്രതാപം വീണ്ടെടുക്കാനുള്ള തീവ്ര യജ്ഞത്തിലാണ് ചെന്നിത്തല.
ഗ്രൂപ്പ് 5 - ഐ ഗ്രൂപ്പ്- മുരളീധരൻ: കോൺഗ്രസിലേക്ക് മടങ്ങിവന്ന ശേഷം ഗ്രൂപ്പ് പ്രവർത്തനത്തിനില്ലെന്ന് ആണയിട്ട ആളാണ് കെ.മുരളീധരൻ. മടങ്ങിവരവിന് ശേഷം രമേശുമായി അകന്ന മുരളിയുടെ താൽപര്യങ്ങൾ ഉമ്മൻചാണ്ടി ഉറപ്പാക്കിയിരുന്നു. ഉമ്മൻചാണ്ടിക്ക് മാത്രം കാണാൻ കഴിയുന്ന എ ഗ്രൂപ്പിലെ ഒടിയനായി മുരളി നിന്നു. ഉമ്മൻചാണ്ടി പോയതോടെ സ്വന്തം പോക്കറ്റുകളിൽ മുരളിക്ക് ഗ്രൂപ്പുണ്ട്.
ഈ കണ്ടതെല്ലാം ഐ ഗ്രൂപ്പിലെ പരിണാമങ്ങൾ, ഇനി പറയുന്നത് എ ഗ്രൂപ്പിലെ രാസമാറ്റങ്ങൾ
ഗ്രൂപ്പ് 1 - എ ഗ്രൂപ്പ് (പരമ്പരാഗതം): എ.കെ.ആന്റണിയുടെ പേരിൽ ഉമ്മൻചാണ്ടി പോറ്റിവളർത്തിയ ഗ്രൂപ്പ്. ഉമ്മൻചാണ്ടിയുടെ അവസാനകാലത്ത് തന്നെ ഗ്രൂപ്പ് ശിഥിലമായി. കേഡർ സ്വഭാവമുള്ള ഗ്രൂപ്പ് പല നേതൃതട്ടുകളിലാണ്. എം.എം.ഹസൻ, കെ.സി.ജോസഫ്, ബെന്നി ബെഹനാന്‍ തുടങ്ങിയവര്‍ ഒരുനിരയിൽ. ഷാഫി പറമ്പിലും ഡീൻ കുര്യാക്കോസും തുടങ്ങി രാഹുൽ മാങ്കൂട്ടത്തിൽ വരെയുള്ളവർ മറ്റൊരു നിരയിൽ. രണ്ടുനിരകളെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പി.സി.വിഷ്ണുനാഥ്.
ഗ്രൂപ്പ് 2 - എ (തിരുവഞ്ചൂർ): ദേശീയ തലത്തിൽ കെ.സി.വേണുഗോപാലിനോടും നിയമസഭയ്ക്കുള്ളിൽ വി.ഡി.സതീശനോടും ഐക്യം പ്രകടിപ്പിച്ച് പ്രത്യേക മെയ്‍വഴക്കം കാട്ടുന്ന ഗ്രൂപ്പാണ് എ ഗ്രൂപ്പ് തിരുവഞ്ചൂർ. കോട്ടയത്ത് തന്നോട് ചേർന്നുനിൽക്കുന്നവരുടെ ചെറിയ സംവിധാനം.
ഗ്രൂപ്പ് 3 - എ (സിദ്ദിഖ്): താമരശേരി ചൂരത്തിന് രണ്ടുവശങ്ങളിലുമുള്ള പഴയ എ ഗ്രൂപ്പുകാരെ പിടിക്കാൻ ടി.സിദ്ദിഖ് തുടങ്ങിയ ഗ്രൂപ്പാണ് എ ഗ്രൂപ്പ് സിദ്ദിഖ്. ഈ ഗ്രൂപ്പിനും കൂറ് കെ.സിയോട് തന്നെ.
ഇതുവരെ സൂചിപ്പിച്ച മൂന്ന് എ ഗ്രൂപ്പ് പരിണാമങ്ങളിലും ഉമ്മൻചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മൻ ഉൾപെടുന്നില്ല. ഉമ്മൻചാണ്ടിയുടെ യഥാർത്ഥ പിൻഗാമികളായി അവകാശപ്പെടുന്ന കുറച്ച് ചെറുപ്പക്കാരുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ചാണ്ടിയുടെ കൂറും കെ.സിക്കാണ്.
വല്ലാത്ത ഗ്രൂപ്പ് (തരൂർ ഗ്രൂപ്പ്): ഗ്രൂപ്പ് സംവിധാനത്തിന്റെ അടിയും തടയും നന്നായി അറിയാവുന്ന എം.കെ.രാഘവൻ, തമ്പാനൂർ രവി തുടങ്ങിയവരും വിവിധ ജില്ലകളിലെ ഫാൻസ് കൂട്ടായ്മകളും ചേർന്നതാണ് ഈ ഗ്രൂപ്പ്. ഇവർക്ക് ഒറ്റ സ്വപ്നമേയുള്ളു. തരൂർ മുഖ്യമന്ത്രിയാകണം.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഇവരിൽ ആരോട് ചോദിച്ചാലും ഒരു മറുപടിയേ കിട്ടു. ഞങ്ങൾക്ക് ഗ്രൂപ്പില്ല. അതിൽപരം ഒരു തമാശയുമില്ല.