• മന്ത്രി വന്ന് കണ്ടപ്പോഴും കര്‍ശന നിലപാട് സ്വീകരിക്കാത്തതില്‍ അതൃപ്തി
  • ഉഭയകക്ഷി ചര്‍ച്ചയില്‍ CPM സമ്മര്‍ദം ചെലുത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നിര്‍ദേശം
  • CPI സംസ്ഥാന എക്സിക്യുട്ടിവ് ആണ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്

മദ്യനിര്‍മാണശാല വിഷയത്തിൽ സിപിഎമ്മിന്‍റെ സമ്മർദത്തിൽ വീഴരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോട് പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ്. എൽഡിഎഫ് യോഗത്തിലോ അതിന് മുൻപുള്ള ഉഭയകക്ഷി ചർച്ചയിലോ സിപിഎം സമ്മർദതന്ത്രങ്ങൾ പയറ്റിയേക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സിപിഐ നിർവാഹകസമിതി സെക്രട്ടറിക്ക് നിർദേശം നൽകിയത്. 

എം.ബി.രാജേഷ് എം.എൻ.സ്മാരകത്തിലെത്തി സെക്രട്ടറിയെ കണ്ടപ്പോളും ബിനോയ് വിശ്വം കർശന നിലപാട് സ്വീകരിക്കാത്തതിലുള്ള അതൃപ്തി ചർച്ചകളിൽ അംഗങ്ങൾ പരോക്ഷമായി പ്രകടമാക്കിയിട്ടുണ്ട്. കുടിവെള്ളവും ഭൂഗർഭജലവും ചൂഷണം ചെയ്തുള്ള ഒരു മദ്യനിർമ്മാണശാലയേയും പിൻതുണക്കേണ്ടതില്ലെന്ന് ആലപ്പുഴയിൽ ചേർന്ന സിപിഐ എക്സിക്യൂട്ടിവ് തീരുമാനിച്ചിരുന്നു. 

എന്നാൽ നാളെ ചേരാനിരിക്കുന്ന എൽഡിഎഫ് യോഗത്തിൽ നിലവിലെ മദ്യനയം ചൂണ്ടികാട്ടി സിപിഎം, സിപിഐ ഉൾപെടെയുള്ള ഘടകകക്ഷികളെ സമ്മർദത്തിലാക്കിയേക്കാം. ഇതെല്ലാം മുന്നിൽ കണ്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പാർട്ടി നിർദേശം.

പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണശാല പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാരും സി.പി.എം നേതൃത്വവും ആവർത്തിക്കുന്നതിനിടെ പദ്ധതിക്കായി കണ്ടെത്തിയ സ്ഥലം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് സന്ദർശിക്കും. വൈകീട്ട് എലപ്പുള്ളിയിൽ എത്തുന്ന പ്രതിപക്ഷ നേതാവ് മദ്യനിർമാണശാല വിഷയത്തിൽ കോൺഗ്രസിന്‍റെ തുടർ സമരപരിപാടികളും വ്യക്തമാക്കും. വി.കെ.ശ്രീകണ്ഠൻ എം.പിയും എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടാകും.

ENGLISH SUMMARY:

Brewery: Party Urges Binoy Viswam Not to Yield to CPM Pressure