ഇംഗ്ലീഷ് വായിക്കാൻ അറിയാവുന്നവർക്ക് തന്റെ ലേഖനം മനസ്സിലാകുമെന്ന് പറഞ്ഞ ശശി തരൂരിന് നല്ല പച്ചമലയാളത്തിലാണ് വീക്ഷണത്തിന്റെ മറുപടി. ആരാചാർക്ക് അഹിംസ മറുപടിയോ എന്ന തലക്കെട്ടിൽ ഒരു പിടി ഉപമകളും ആയി തരൂരിന്റെ പേരെടുത്ത് പറയാതെ തന്നെ രൂക്ഷമായ വിമർശനമാണ് മുഖപ്രസംഗമാകെ. കര്‍ക്കടക സന്ധ്യയില്‍ രാമസ്തുതി ചൊല്ലേണ്ടിടത്ത് രാവണസ്തുതി അരുതെന്നും, കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കിയത് സിപിഎമ്മെന്നും വീക്ഷണത്തിലെ മുഖപ്രസംഗത്തില്‍ വിമര്‍ശനം.
എഴുതിയതിൽ നിന്ന് പിന്നാക്കം പോകാൻ തരൂർ ഒരുക്കമല്ലെനിരിക്കെ, ലേഖനത്തെ തള്ളിയും തിരുത്തിയും കോൺഗ്രസ് നേതാക്കൾ മൂന്നാംദിനവും സജീവമായി. തരൂരിന്റെ ലേഖനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിക്കാനുള്ള വടിയായിയെന്ന് കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്‍. കേരളം ഒന്നാം സ്ഥാനത്തല്ലെന്നും കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ല. തരൂര്‍ പി.രാജീവിനെ വിശ്വസിച്ചു, അദ്ദേഹം ഉദ്ധരിച്ചത് രാജീവിന്റെ അവകാശവാദത്തെയാണ്. തരൂരിന് ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്നും കുഴല്‍നാടന്‍ വ്യക്താമാക്കി.
സർക്കാരിനെ പ്രശംസിച്ചു കുടുങ്ങിയ തരൂരിനെതിരെ കോൺഗ്രസ് വാളൊങ്ങിനിൽക്കെ പ്രതിരോധത്തിന് പരിചയുമായി സിപിഎം നേതൃത്വം കച്ചകെട്ടിയിറങ്ങി. ശരി ആര് പറഞ്ഞാലും അംഗീകരിക്കുമെന്നും ആ അര്‍ഥത്തില്‍ തരൂര്‍ പറയുന്നത് അംഗീകരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ലേഖനത്തില്‍ തരൂര്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്നുണ്ട്. അത് രാഷ്ട്രീയമാണെന്നും എം.വി.ഗോവിന്ദന്‍ പത്തനംതിട്ടയില്‍ പറഞ്ഞു. എന്തൊരു സൈബര്‍ ആക്രമണമാണ് ശശി തരൂരിനുനേരെ ഉണ്ടാകുന്നതെന്ന് മന്ത്രി റിയാസ് കുറ്റപ്പെടുത്തി. ഒരു എംപിക്കുപോലും കേരളത്തെപ്പറ്റി നല്ലത് പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.
മോദിസ്തുതി നടത്തിയ തരൂരിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് ഇതിനിടയിൽ സംസ്ഥാനത്തെ ബിജെപിക്കാർ.