നിലപാട് മയപ്പെടുത്തിയും പറഞ്ഞതില്‍ ഉറച്ചുനിന്നും ശശി തരൂര്‍. തന്റെ ലേഖനത്തില്‍ സര്‍ക്കാരിന് നൂറുമാര്‍ക്ക് നല്‍കിയില്ല. സര്‍ക്കാര്‍ നല്ലത് ചെയ്താല്‍ അത് അംഗീകരിക്കാതെ പറ്റില്ല. എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കൂവെന്നും തരൂര്‍. തെറ്റ് ബോധ്യപ്പെട്ടാല്‍ തിരുത്തി എഴുതാം, പാര്‍ട്ടി ഇതേവരെ ബന്ധപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകസമിതിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന ഹസ്സന്റെ ആവശ്യത്തിനും തരൂര്‍ മറുപടി നല്‍കി. അങ്ങനെ ഒരു അഭിപ്രായം വന്നാല്‍ അപ്പോള്‍ മാറിനില്‍ക്കാമെന്നും തരൂര്‍ പറഞ്ഞു.
ശശി തരൂര്‍ നിലപാട് വിശദീകരിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പും പങ്കുവച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം.
ഇന്ത്യൻ എക്സ്പ്രസിലെ എന്റെ ലേഖനത്തെക്കുറിച്ചുള്ള വിവാദം അല്പം അതിശയിപ്പിച്ചു. ഞാൻ ഈ ലേഖനം കേരളത്തിലെ ഒരു എംപി എന്ന നിലയിൽ ഒരു പ്രത്യേക വിഷയത്തെ കുറിച്ചാണ് എഴുതിയത് – സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയിലൂടെ കാണുന്ന വ്യവസായപരിസ്ഥിതിയിലെ മാറ്റം എന്നത് മാത്രം- ഒരു കോൺഗ്രസ്സുകാരൻ എന്ന നിലയിൽ തന്നെ ഇതിന് തുടക്കം കുറിച്ചത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന് ഞാൻ അഭിമാനത്തോടെ പറയാൻ ഈ അവസരം വിനിയോഗിക്കുന്നു. സ്റ്റാർട്ടപ്പ് വില്ലേജിനെയും സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ് മിഷനെയും അദ്ദേഹം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ വികസിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സർക്കാർ അതിനെ സ്വാഭാവികമായി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.
എന്നാൽ, എന്റെ ലേഖനം കേരളത്തിന്റെ സമ്പൂർണ്ണ സാമ്പത്തിക അവസ്ഥയെ വിലയിരുത്താനുള്ള ശ്രമമല്ല. പല വട്ടം ഞാൻ പറഞ്ഞതുപോലെ, കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് – ഉയർന്ന തൊഴിൽക്ഷാമം, പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ള യുവാക്കളുടെ വിദേശത്തേയ്ക്കുള്ള പ്രവാസം, കൃഷി മേഖലയിലെ പ്രതിസന്ധി (റബ്ബർ, കശുമാവ്, റബ്ബർ മുതലായ മേഖലകളിൽ), കൂടാതെ ചരിത്രത്തിലാദ്യമായി ഏറ്റവും ഉയർന്ന കടബാധ്യതയും എന്നിവ ഉൾപ്പെടെ. ഇതൊക്കെ പരിഹരിക്കാൻ ഏറെ സമയം വേണ്ടിയിരിയ്ക്കുന്നു. എന്നാൽ, എവിടെയെങ്കിലും ഒരു മേഖലയെങ്കിൽ ആശാവഹമായ ഒരു മാറ്റം കാണുമ്പോൾ അതിനെ അംഗീകരിക്കാതിരിക്കുക ചെറുതായിരിക്കും.
ഞാൻ ലേഖനം എഴുതിയതിന്റെ അടിസ്ഥാനമായത് 2024 ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് ആണ്; അതിൽ നിന്നുള്ള കണക്കുകളും വിവരങ്ങളും ചേർത്ത് തന്നെയാണ് എന്റെ ആശയവിനിമയം.
അവസാനമായി ഒരു അഭ്യർത്ഥന: ലേഖനം വായിച്ചിട്ട് മാത്രമേ അഭിപ്രായമൊന്നും പറയാവൂ! പാർട്ടി രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അതിൽ ഇല്ല, കേരളം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് പുറത്തുവരാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. കഴിഞ്ഞ 16 വർഷമായി കേരളത്തിലെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് തന്നെയാണ് പലതവണ ഞാൻ പറഞ്ഞിട്ടുള്ളതും.
അതേസമയം, കേരളത്തില്‍ വ്യവസായം വളര്‍ത്തിയത് യു.ഡി.എഫ് സര്‍ക്കാരുകളെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. കരുണാകരന്‍, ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളുടെ നേട്ടങ്ങളെണ്ണിയാണ് മറുപടി. സ്റ്റാര്‍ട്ടപ്പുകളുടെ മേനി പറയുന്നവര്‍ മുന്‍ സമരകാലങ്ങള്‍ കൂടി ഓര്‍ക്കണം. യു.ഡി.എഫ് നേട്ടങ്ങള്‍ പറഞ്ഞ തരൂരിന്റെ കുറിപ്പ് മുഖവിലയ്ക്കെടുത്താല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചില ഇടതുസര്‍ക്കാരുകളുടെ നയംതന്നെ ഇടിച്ചുപൊളിക്കല്‍ ആയിരുന്നുവെന്ന് മുന്‍ വ്യവസായമന്ത്രി പറഞ്ഞു.
തരൂരിന്‍റെ പ്രശംസയോടെ യു.ഡി.എഫ്, എല്‍.ഡി.എഫ് ചങ്ങാത്തം വീണ്ടും തെളിഞ്ഞെന്ന് പ്രകാശ് ജാവഡേക്കര്‍. കേരളത്തില്‍ അവര്‍ തമ്മിലുള്ളത് പരിഹാസ്യമായ പോരാട്ടം, വോട്ടര്‍മാര്‍ പാഠം പഠിപ്പിക്കുെമന്നും അദ്ദേഹം പറഞ്ഞു.