ഫയല്‍ ചിത്രം
തദ്ദേശ–നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുള്ള സമ്പൂര്‍ണ ബജറ്റെന്ന നിലയില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കുള്ള സമ്മര്‍ദ്ദം ഒരു വശത്ത്. കടുത്ത സാമ്പത്തിക ഞെരുക്കം മറുവശത്ത്. രണ്ടിനുമിടയില്‍ നിന്ന് ഇലയ്ക്കും മുള്ളിനും കേടില്ലാതെ എങ്ങനെ ബജറ്റ് അവതരിപ്പിക്കുമെന്ന ചിന്തയിലാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും തന്നെയായിരിക്കും ബജറ്റിന്‍റെ ഊന്നലെന്ന് ധനമന്ത്രി മനോരമന്യൂസിനോട് പറഞ്ഞു. ക്ഷേമപെന്‍ഷന്‍ കുടിശിക ഉള്‍പ്പെടേ കൊടുത്തുതീര്‍ക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച നേടിക്കൊടുത്ത ക്ഷേമ പദ്ധതികള്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മുടങ്ങിയത് തിരിച്ചടിയായെന്നാണ് ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള സിപിഎം വിലയിരുത്തല്‍. ഈ അടിസ്ഥാന വര്‍ഗത്തിന്‍റെ പിന്തുണ തിരിച്ചുപിടിക്കേണ്ടത് തദ്ദേശ–നിയമസഭ തിരഞ്ഞെടുപ്പുകളില്‍ അനിവാര്യമാണെന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് തയ്യാറാക്കുന്നത്. പക്ഷെ കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ ഇതെത്രത്തോളം സാധ്യമാകുമെന്ന ചോദ്യമാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്.
വിഴിഞ്ഞത്തിനും വയനാട് പുനരധിവാസത്തിനും കേന്ദ്രത്തില്‍ നിന്ന് പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല. എങ്കിലും ആ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിറകോട്ട് പോകാനാകില്ലെന്നും മന്ത്രി.കേന്ദ്രം അവഗണന തുടരുമ്പോള്‍ തനത് വരുമാനം വര്‍ധിപ്പിക്കുക മാത്രമേ രക്ഷയുള്ളൂ. അതിനുള്ള ചില നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. അപ്പോഴും ജനങ്ങള്‍ക്ക് താങ്ങാനാകാത്ത ബാധ്യത അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി പറയുന്നു.