സിപിഎമ്മില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കല രാജു. തന്നെ പൊതുജനമധ്യത്തില്‍ അപമാനിച്ച് ഉപദ്രവിച്ചപ്പോള്‍ പാര്‍ട്ടി എവിടെയായിരുന്നെന്നു കല ചോദിച്ചു.
പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടു. രാഷ്ട്രീയഭാവി തീരുമാനിച്ചിട്ടില്ല. സിപിഎമ്മുകാര്‍ വിഡീയോ ചിത്രീകരിച്ചത് കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ്. മക്കളെ കൊല്ലുമെന്ന് അരുണ്‍ അശോക്, വിജയ് രഘു എന്നിവര്‍ ഭീഷണിപ്പെടുത്തിയെന്നും കല ആരോപിച്ചു. പാർട്ടി മാറാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും സിപിഎം തന്നെ തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു നേരത്തെ കലാരാജുവിന്റെ നിലപാട്.
Read Also: മുഖ്യമന്ത്രി പറയുന്നതുപോലെ രാജിവയ്ക്കില്ല; എന്നെ തെറ്റിദ്ധരിച്ചു: കല രാജു.
കൂത്താട്ടുകുളം തട്ടിക്കൊണ്ടു പോകൽ നിയമസഭയിൽ ചർച്ച ചെയ്യുന്നതിനിടെ, തദ്ദേശ ജനപ്രതിനിധികൾ പാർട്ടി മാറുമ്പോൾ രാജിവെക്കണമെന്ന വാദമായിരുന്നു മുഖ്യമന്ത്രി ഉന്നയിച്ചത്. അതേസമയം,
സംഭവമായി ബന്ധപ്പെട്ട അറസ്റ്റിലായ നാല് പേർ യഥാർത്ഥ പ്രതികൾ അല്ലെന്നും തന്നെ ഉപദ്രവിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും കലാരാജു പറഞ്ഞു. കലാ രാജു മജിസ്ട്രേറ്റിനു മുൻപിൽ ഹാജരായി രഹസ്യമൊഴി കൊടുത്തു.
ഇതിനിടെ കൂത്താട്ടുകുളത്ത് പോലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസിനെതിരെയും യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെയും പോലീസ് കേസെടുത്തു. പോലീസുകാരെ ആക്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.