യു.ഡി.എഫ് പ്രവേശനത്തിനായി ചര്‍ച്ചകള്‍ തുടരുന്നതിനിടെ പി.വി.അന്‍വറിന്‍റെ അപ്രതീക്ഷിത രാഷ്ട്രീയനീക്കം. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഭാഗമാകാന്‍ അന്‍വര്‍ തീരുമാനിച്ചു. അംഗത്വം നല്‍കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസും സംസ്ഥാന കോ ഓര്‍ഡിനേറ്ററായി തന്നെ നിയമിച്ചെന്ന് അന്‍വറും അറിയിച്ചു.
പി.വി.അന്‍വറിനെ പാര്‍ട്ടിയില്‍ എടുത്തെന്ന് ഔദ്യോഗിക എക്സ് പേജിലൂടെ തൃണമൂല്‍ കോണ്‍ഗ്രസാണ് ആദ്യം അറിയിച്ചത്. കൊല്‍ക്കത്തയില്‍ ടി.എം.സി. ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേഖ് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് അംഗത്വം നല്‍കിയത്. പിന്നാലെ അന്‍വറിനെ സ്വാഗതംചെയ്ത് അഭിഷേഖ് ബാനര്‍ജിയുടെ പോസ്റ്റും വന്നു. അതേസമയം പാര്‍ട്ടിയില്‍ അംഗത്വമെടുക്കാന്‍ സാങ്കേതിക തടസം ഉള്ളതിനാല്‍ സംസ്ഥാന കോ ഓര്‍ഡിനേറ്ററാക്കി നിയമിച്ചെന്നും ചുമതല ഏറ്റെടുത്തെന്നും പി.വി.അന്‍വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു
നാളെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തും. ഈമാസം കോഴിക്കോട്ടോ മലപ്പുറത്തോ റാലി സംഘടിപ്പിക്കുമെന്നും അതിലേക്ക് മമത ബാനര്‍ജിയെ ക്ഷണിക്കുമെന്നും അന്‍വറുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. യു.ഡി.എഫുമായുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായതിനാല്‍ യു.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇനി തടസമുണ്ടാകില്ലെന്നും അന്‍വര്‍ കണക്കുകൂട്ടുന്നു.