എന്‍സിപി അജിത് പവാര്‍ പാര്‍ട്ടിയിയിലേക്ക് കൂറുമാറാന്‍ തോമസ് കെ തോമസ് എംഎല്‍എ അന്‍പതു കോടി വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളാതെ ആന്‍റണി രാജു. മലയാള മനോരമയില്‍ വന്ന വാര്‍ത്തയെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും, അറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞിട്ടുണ്ട്, എല്‍ഡിഎഫ് മുന്നണിയിലെ ഭാഗമായതിനാല്‍ കൂടുതല്‍ പറയാന്‍ പരിമിതിയുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എവിടെ, എപ്പോള്‍, എങ്ങനെ സംസാരിച്ചു എന്ന കാര്യങ്ങളില്‍ പ്രസക്തിയില്ല. ആവശ്യംവന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ അപ്പോള്‍ വെളിപ്പെടുത്തുമെന്നും ആന്‍റണി രാജു. അതേസമയം, എന്നാല്‍ തോമസ് കെ തോമസ് പണം വാഗ്ദാനം ചെയ്തെന്ന ആക്ഷേപം കോവൂര്‍ കുഞ്ഞുമോന്‍ തള്ളി.
നിയമസഭ കോംപ്ലക്സില്‍ വെച്ച് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ തോമസ് കെ തോമസ് നടത്തിയ ശ്രമം മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയാവുമെന്ന ഘട്ടത്തിലാണ് ആരോപണം വന്നത്. ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം വേണം. ഞാന്‍ നൂറുകോടി കൊടുത്ത് എംഎല്‍എമാരെ വാങ്ങി എന്തുചെയ്യാനായെന്ന് തോമസ് ചോദിച്ചു. നിയമസഭയുടെ ലോബിയിലാണോ നൂറുകോടിയുടെ വിഷയം ചര്‍ച്ചചെയ്യുക. കോവൂര്‍ കുഞ്ഞുമോന്‍റെ മറുപടി മതി എല്ലാവരുടെയും വായടപ്പിക്കാനെന്നും തോമസ് കെ തോമസ് പറഞ്ഞു.
മുഖ്യമന്ത്രി ഈ വിഷയം എന്‍.സി.പി. സംസ്ഥാന അധ്യക്ഷനോട് ചോദിച്ചിരുന്നു. ആരെങ്കിലും പറഞ്ഞിട്ടായിരിക്കുമല്ലോ ഈ വിഷയതില്‍ മുഖ്യമന്ത്രി തന്നെ വിളിച്ചത്. മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞത് ആന്‍റണി രാജുവാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി അവിശ്വസിക്കുന്നതായി തോന്നിയിട്ടില്ല. തനിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പ് കാരണമാണ് കാത്തിരിക്കാന്‍ പറഞ്ഞതെത് . എന്‍.സി.പിയുടെ മന്ത്രിയെ തീരുമാനിക്കുന്നത് ശരദ് പവാറാണെന്നും തോമസ് കെ.തോമസ് പറഞ്ഞു.
അജിത് പവാര്‍ വിളിച്ച ഒരു യോഗത്തിലും ഞാന്‍ പങ്കെടുത്തിട്ടില്ലെ. അജിത് പവാറിന്‍റെ പാര്‍ട്ടിയിലേക്ക് കേരളത്തില്‍ ആളെ ചേര്‍ത്തിട്ട് എന്തുകാര്യം . കുട്ടനാട് സീറ്റ് തട്ടിയെടുക്കാനാണ് ആന്റണി രാജുവിന്‍റെ ശ്രമം. ആന്‍റണി രാജുവിന് എന്നോടുള്ള വൈരാഗ്യം എന്താണെന്നറിയില്ല. തോമസ് ചാണ്ടിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ആക്രമിച്ചത് ആന്‍റണി രാജുവാണെന്നും തോമസ് കെ.തോമസ് ആലപ്പുഴയില്‍ പറഞ്ഞു.