salam-sudhakaran

മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി അമ്പലപ്പുഴ എം.എൽ.എ എച്ച് സലാം. പൊളിറ്റിക്കൽ ക്രിമിനലുകൾ എന്ന ജി.സുധാകരന്റെ ആരോപണം  സലാം പരോക്ഷമായി സുധാകരനെതിരെ തന്നെ തിരിച്ചു വിട്ടു. ആലപ്പുഴയിലെ പാർട്ടി നേതൃത്വത്തിന് എതിരെ ജി. സുധാകരൻ നടത്തുന്ന ആരോപണങ്ങളിൽ ജില്ലയിലെ സിപിഎം നേതൃത്വത്തിനുള്ള അമർഷമാണ് എച്ച്. സലാം എം എൽ എയുടെ പ്രതികരണത്തിലൂടെ പുറത്തുവന്നത്. ആലപ്പുഴയിലെ പാർട്ടിയിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ ഉണ്ടെന്ന ആക്ഷേപം സുധാകരന് എതിരെ തന്നെ സലാം തിരിച്ചു വിട്ടു.

നേതൃത്വം അവഗണിക്കുന്നു എന്ന പരാതിയും സലാം കണക്കുകൾ നിരത്തി തള്ളി. 4 തവണ എം.എൽഎയും രണ്ട് തവണ മന്ത്രിയുമായ നേതാവാണ് സുധാകരൻ സലാം ഓർമ്മിപ്പിച്ചു. ഗൗരിയമ്മയെക്കാൾ പരിഗണന സുധാകരന് പാർട്ടി നൽകിയിട്ടുണ്ട്. 

ജില്ലയിലെ പാർട്ടിക്ക് തിരിച്ചടി നേരിടുന്നത് ഇതാദ്യമല്ലെന്നും ഗൗരിയമ്മ പാർട്ടിക്ക് പുറത്ത് ആയപ്പോഴാണ് വലിയ തിരിച്ചടി ഉണ്ടായെതെന്നും സലാം ഓർമ്മിപ്പിച്ചു. ഗൗരിയമ്മ പുറത്തായതിന്റെ മൂലകാരണം ആരാണെന്ന് എല്ലാവർക്കും ഓർമ്മയുണ്ടെന്നും സലാം പറഞ്ഞു. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണെന്ന സുധാകരന്റെ പ്രതികരണവും വിമർശിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേരുന്ന സിപിഎം ജില്ലാ നേതൃയോഗങ്ങളിൽ ജി . സുധാകരനെതിരെ കടുത്ത വിമർശനമുയരുമെന്ന് ഉറപ്പാണ്.

ENGLISH SUMMARY:

Ambalappuzha MLA against G sudhakaran