sivankutty-reassured-the-ho

പത്താം ക്ലാസ് ജയിച്ചവര്‍ക്ക് മലബാറില്‍ ഉള്‍പ്പെടെ ഉപരിപഠനത്തിന് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു വി. ശിവന്‍കുട്ടി. കോഴിക്കോട് ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവര്‍‍ക്കും സീറ്റ് നല്‍കിയാലും എണ്ണായിരത്തിലേറെ സീറ്റ് മിച്ചം വരും. പാലക്കാട് 2266 സീറ്റ് അധികമുണ്ട്. ഒന്നാം ഘട്ട അലോട്ട്മെന്റിന് ശേഷം കുറവുകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ പ്ലസ് വൺ പ്രവേശനത്തിന് മൂന്ന് അലോട്മെന്റ് പൂർത്തിയായപ്പോൾ അയ്യായിരത്തിലേറെസീറ്റുകൾ ഒഴിഞ്ഞു കിടന്നുവെന്ന് മന്ത്രി പറഞ്ഞു. 

പത്താം ക്ലാസ് ജയിച്ചവര്‍ക്ക് ഉപരിപഠനത്തിന് പ്രതിസന്ധിയില്ല

എന്നാല്‍ സർക്കാർ സ്കൂളുകളിലെ സീറ്റുകൾക്ക് പുറമെ ഐ.ടി.ഐ, പോളിടെക്നിക്, അൺ എയ്ഡഡ് വരെയുള്ള സീറ്റുകൾ ചേർത്താണ് മന്ത്രി കണക്കുകൾ നിരത്തിയത്. മന്ത്രിയുടെ കണക്കുകൾ തെറ്റാണെന്നും, പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയിലെന്ന് പ്രമേയം അവതരിപ്പിച്ച എം.ഷംസുദീന്‍ ആരോപിച്ചു. ആറു ജില്ലകളില്‍ സീറ്റ് കുറവാണ്. കാര്‍ത്തികേയന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കിയില്ല. എട്ടുകൊല്ലം കൊണ്ട് ആയിരം ബാര്‍ അനുവദിച്ച സര്‍ക്കാര്‍ ഒറ്റ പ്ലസ് വണ്‍ സീറ്റ്  അനുവദിച്ചില്ലെന്നും ഷംസുദീന്‍ പറഞ്ഞു.

വിദ്യാഭ്യാസ മേഖല സർക്കാരിന്റെ മുൻഗണനയിലില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി. അതേസമയം ഷംസുദീന്‍ അണ്‍പാര്‍ലമെന്‍ററി വാക്ക് ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി ഭരണപക്ഷം സഭയില്‍ ബഹളം വച്ചു. സ്പീക്കര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഷംസുദീന്‍ വാക്ക് പിന്‍വലിച്ചു. 

 
ENGLISH SUMMARY:

Education Minister V Sivankutty reassured the House that there is no crisis for higher studies, including in Malabar, for class 10 graduates