സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നന്നായി മനസിലാക്കുന്നയാളാണെന്നും പാര്‍ലമെന്റില്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും ആലത്തൂരിന്റെ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ. രാധാകൃഷ്ണന്‍. ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാന്‍ പാടുപെടുന്നവരെ ചെറുപ്പത്തില്‍ താന്‍ കണ്ടിട്ടുണ്ട്. കഞ്ഞിവാങ്ങാനുള്ള തിരക്കില്‍ നെറ്റിക്ക് പരുക്കേറ്റ് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ഒരമ്മയുടെ ചിത്രം ഇന്നും മനസിലുണ്ടെന്നും രാധാകൃഷ്ണന്‍.
മന്ത്രി.കെ. രാധാകൃഷ്ണന്‍ കൃത്യമായ നിലപാടോടെയാണ് ലോക്സഭയിലെത്താന്‍ പോകുന്നത്. സാധ്യതകള്‍ പരമാവധി നാടിനുവേണ്ടി പ്രയോജനപ്പെടുത്തകയാണ് ലക്ഷ്യം. പഠനകാലത്തുതന്നെ സ്വന്തംനാട്ടില്‍ അടുത്തറിഞ്ഞ അനുഭവങ്ങളാണ് കരുത്ത്. മിഥുനം–കര്‍ക്കടകം മാസങ്ങളില്‍ നാട്ടില്‍ കഞ്ഞിവിതരണം ചെയ്തപ്പോഴുണ്ടായ കാഴ്ച ഇന്നും മനസില്‍.
91 ല്‍ ജില്ലാ കൗണ്‍സില്‍ തുടങ്ങിയ അപരാജിത ജയം തുടരുന്ന രാധാകൃണന്‍ 96 ല്‍ ചേലക്കരയുടെ പ്രതിനിധിയായി നിയമസഭയിലെത്തുകയും മന്ത്രിയാവുകയും ചെയ്തു. പത്തിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. കൈകാര്യം ചെയ്യുന്ന വകുപ്പകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയശേഷമാകും മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജി.