നരേന്ദ്രമോദിക്ക് മൂന്നാം ഊഴമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ മോദി ഇനി സത്യപ്രതിഞ്ജ ചെയ്താല്‍ മതിയെന്ന ആത്മവിശ്വാസമാണ് എന്‍ഡിഎയ്ക്ക് നല്‍കുന്നത്. 401 സീറ്റുകള്‍ എന്‍ഡിഎ നേടാമെന്ന് പ്രവചിക്കപ്പെട്ടതോടെ കേവല ഭൂരിപക്ഷമെന്ന ഇന്ത്യസഖ്യത്തിന് പ്രതീക്ഷകള്‍ മങ്ങുകയാണ്. ജനവിധിയല്ല മോദി തയാറാക്കിയ എക്സിറ്റ് പോളുകളെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുമ്പോള്‍ , ജനവികാരം മനസിലാക്കാന്‍ ഇന്ത്യസഖ്യം പരാജയപ്പെട്ടുവെന്ന് ബിജെപി പരിഹസിച്ചു.
രാജ്യത്തെ അഞ്ചു പ്രമുഖ എക്സിറ്റ് പോളുകള്‍ പ്രവചിച്ച എന്‍ഡിഎയുടെ വിജയകുതിപ്പ് വോട്ടെണ്ണലിന് മുന്‍പ് തന്നെ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച വികാരമാണ് എന്‍ഡിഎയ്ക്ക് നല്‍കുന്നത്. ഇതിന്‍റെ സൂചനയാണ് പ്രധാനമന്ത്രി നൂറ് ദിവസത്തെ കര്‍മപരിപാടി ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ അടിയന്തിര യോഗങ്ങള്‍ വിളിച്ചത്. പത്തുവര്‍ഷം ഭരണത്തിലിരുന്ന സര്‍ക്കാരിനോട് സ്വാഭാവികമായും തോന്നേണ്ട എതിര്‍പ്പ് ഭരണകക്ഷിയുടെ സീറ്റുകള്‍ കുറയ്ക്കേണ്ടതാണ്. എന്നാല്‍ സീറ്റുകള്‍ കുറയുന്നില്ലെന്ന് മാത്രമല്ല നിലവിലുള്ള 353 ല്‍ നിന്ന് കുറഞ്ഞത് 379 സീറ്റ് വരെ ഉയരാമെന്ന് എക്സിറ്റ് പോളുകള്‍ ചൂണ്ടികാണിക്കുന്നു. ഇന്ത്യ സഖ്യത്തിന്‍റെ പ്രചാരണങ്ങള്‍ മോദിയുടെ തന്ത്രങ്ങളെ മറികടക്കാന്‍ പര്യാപ്തമായില്ലെന്നു മാത്രമല്ല ബിജെപിക്ക് ദക്ഷിണേന്ത്യലുള്‍പ്പടെ വളര്‍ച്ചയാണ് പ്രവചനങ്ങള്‍ കാണിക്കുന്നത്. കോണ്‍ഗ്രസ് മാസങ്ങള്‍ക്ക് മുന്‍പ് അധികാരത്തിലെത്തിയ കര്‍ണാടകയിലും തെലങ്കാനയിലും ബിജെപിക്ക് വിജയം പ്രവചിക്കുന്നത് പ്രതിപക്ഷ ക്യാംമ്പുകള്‍ക്ക് അവിശ്വസനീയമായി .എക്സിറ്റ് പോളുകൾ ക്രമീകരിച്ചത് ജൂൺ 4-ന് എക്സിറ്റ് ആകാൻ പോകുന്ന വ്യക്തിയാണെന്ന് പ്രധാനമന്ത്രിയെ ഉന്നമിട്ട് ജയറാം രമേഷ് പ്രതികരിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി നേട്ടമുണ്ടാക്കില്ലെന്നും ശശി തരൂർ.
31 സീറ്റ് പ്രവചിക്കപ്പെടുന്ന ഇന്ത്യ ടുഡേ സര്‍വെ സത്യമെങ്കില്‍ ബംഗാളില്‍ മമതക്കെതിരെ ബിജെപി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന് കരുതേണ്ടിവരും ബിഹാറിലും രാജസ്ഥാനിലും എന്‍ഡിയ്ക്കുണ്ടാകുന്ന ചെറിയ തിരിച്ചടിക്ക് അപ്പുറക്കേ ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് ക്ഷീണം പ്രവചിക്കപ്പെടുന്നില്ല. എന്നാല്‍ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ 190 സീറ്റുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു . മോദി സാധാരണക്കാര്‍ക്കൊപ്പമാണ് എന്നും കോണ്‍ഗ്രസ് പകല്‍സ്വപ്നം കാണുന്നത് നിര്‍ത്തണമെന്നും രവിശങ്കര്‍ പ്രസാദ്
മധ്യപ്രദേശ് ബിജെപിയെ സംബന്ധിച്ച് രണ്ടാം ഗുജറാത്തായി മാറുകയാണ്. നവീന്‍ പട്നായിക്കിന് നിര്‍ണായക സ്വാധീനമുള്ള ഒഡീഷയില്‍ നിന്നും മോദിയുടെ പ്രഭാവത്തില്‍ ബിജെഡി വോട്ടുകള്‍ ബിജെപിക്ക് സ്വന്തം അക്കൗണ്ടുകളിലേക്ക് ചേര്‍ക്കാനായിട്ടുണ്ട്. കേജ്രിവാളിന്‍റെ അറസ്റ്റ് ഡല്‍ഹിയിലും ഹേമന്ദ് സോറന്‍റെ അറസ്റ്റ് ജാര്‍ഖണ്ഡിലും ഇന്ത്യ സഖ്യത്തിന് ഒരു സഹതാപവും നല്‍കിയില്ലെന്നാണ് കരുതേണ്ടത്