mavelikara

ഫലമറിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മണ്ഡലപര്യടനം തുടരുകയാണ് മാവേലിക്കരയിലെ സ്ഥാനാർത്ഥികൾ. പത്താമങ്കത്തിലും യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് വിജയത്തുടർച്ച പ്രതീക്ഷിക്കുമ്പോൾ കന്നിയങ്കം ജയിച്ചുകയറുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാർ.  

കടുത്തമത്സരം നടന്ന മാവേലിക്കര മണ്ഡലത്തിൽ മൂന്നു സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് ചുമതലയുള്ള തെലുങ്കാനയിൽ 10 ദിവസം ചിലവഴിച്ചതെന്നത് ഒഴിച്ചാൽ മറ്റുദിവസങ്ങളിൽ എല്ലാം മണ്ഡലത്തിലെ വിവിധ പരിപാടികളിലായിരുന്നു കൊടിക്കുന്നിൽ സുരേഷ്. ഡൽഹി എഐസിസി ആസ്ഥാനത്തെ ചർച്ചകളിലും പങ്കെടുത്തു. ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാകുമെന്നും പോളിങ് ശതമാനം കുറഞ്ഞത് തിരിച്ചടിയാകില്ലെന്നുമാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. പോൾ ചെയ്യപ്പെടാതിരുന്നത് ബിജെപിയുടെ വോട്ട് ആണെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പര്യടനത്തേക്കാൾ അതിന് ശേഷമാണ് മണ്ഡലത്തിലൂടെ സഞ്ചരിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർഥി സി.എ. അരുൺ കുമാർ. എല്ലാ ഘടകങ്ങളും അനുകൂലമായതിനാൽ കന്നിയങ്കം ആണെങ്കിലും യാതൊരു ടെൻഷനും ഇല്ലെന്നും യുവസ്ഥാനാർഥി പറഞ്ഞു.

എൻഡിഎയ്ക്ക് അനുകൂലമായ കാറ്റാണ് രാജ്യത്ത് എല്ലായിടത്തുമെന്നും അത് മാവേലിക്കരയിലും ആഞ്ഞടിക്കുമെന്നും എൻഡിഎ സ്ഥാനാർത്ഥി ബൈജു കലാശാല. ഒരു മാസത്തോളം നീണ്ട തെരഞ്ഞെടുപ്പാനന്തരകാലം മണ്ഡലത്തിലെ സമ്മതിദായകരുടെ ദുഃഖത്തിലും സന്തോഷത്തിലും ചേർന്ന് നിൽക്കാനായെന്നും ബിഡിജെഎസ് നേതാവ് ഓർക്കുന്നു. വിജയം ആരോടൊപ്പം നിന്നാലും ഭൂരിപക്ഷം കുറയുമെന്നാണ് മൂന്ന് മുന്നണികളുടെയും വിലയിരുത്തൽ

ENGLISH SUMMARY:

Mavelikara Loksabha election 2024