അബുദാബി ബാങ്കില്‍ അക്കൗണ്ടില്ലെന്ന് വീണ തൈക്കണ്ടി പറയുമോയെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഒന്നുകില്‍ നിഷേധിക്കുക, അല്ലെങ്കില്‍ തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കട്ടെയെന്ന് മനോരമ ന്യൂസ് കൗണ്ടര്‍പോയന്റില്‍ ഷോണ്‍ ജോര്‍ജ് വെല്ലുവിളിച്ചു. പിണറായി വിജയന്റെ മകന്‍ ജോലിചെയ്യുന്നതും ഈ ബാങ്കിലാണ്. ലാവലിന്‍ കമ്പനി ഒരു ഇടപാടില്‍മാത്രം കൈമാറിയത് 3,30,000 യുഎസ് ഡോളറാണ്. എക്സാലോജിക് കണ്‍സള്‍ട്ടിങ്ങിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയത് 2016ലാണ്. 2020ല് അക്കൗണ്ട് ക്ലോസ് ചെയ്തെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

അബുദാബിയിലെ അക്കൗണ്ടിലൂടെ നടന്നത് കോടികളുടെ ഇടപാടെന്ന ആരോപണവുമായി ഷോൺ ജോർജ് രംഗത്തെത്തി. വിവാദ കമ്പനികളിൽ നിന്നും അക്കൗണ്ടിലേക്ക് പണം എത്തി. ഈ അക്കൗണ്ടിൽ നിന്നും പണം കൂടുതൽ പോയത് അമേരിക്കയിലെ അക്കൗണ്ടുകളിലേക്കെന്ന് ആരോപിച്ച ഷോൺ ജോർജ് ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണമെണെന്നും ആവശ്യപ്പെട്ടു. അബുദാബി കൊമേഴ്സ്യല്‍ ബാങ്കില്‍ എക്സാലോജിക് കണ്‍സൽട്ടിങ്, മീഡിയസിറ്റി എന്ന പേരിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ് ആരോപിച്ചത്. 

വീണ വിജയന്റെയും എം.സുനീഷിന്റെയും പേരിലാണ് അക്കൗണ്ട്. ലാവലിന്‍, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനികളില്‍നിന്ന് വന്‍തുക ഈ അക്കൗണ്ടിലേക്ക് വന്നു. അമേരിക്കയിലെ അക്കൗണ്ടുകളിലേക്കാണ് ഈ തുക പോയത്. വിദേശ പണ ഇടപാടിനെ കുറിച്ചും അക്കൗണ്ടിനെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തണം. ഇന്ത്യൻ പൗരന് വിദേശത്ത് അക്കൗണ്ട് ഉണ്ടെങ്കിൽ ആദായ നികുതി റിട്ടേൺ കാണിക്കണം.അക്കാര്യവും പരിശോധിക്കണം. മുഖ്യമന്ത്രിയുടെ വിദേശയാത്രകളടക്കം പരിശോധിക്കണം. കൃത്യമായ തെളിവുകൾ കൈവശമുണ്ടെന്നും, ഇവ ഇഡിക്കും എസ്എഫ്ഐഒക്കും കൈമാറിയിട്ടുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. ഗുരുതര ആരോപണമെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Shone George against Veena Vijayan in Counter Point