കൊച്ചി സ്വദേശിനി നൽകിയ ബലാൽസംഗ പരാതി തന്നെ തകർക്കാൻ വേണ്ടി കെട്ടിച്ചമച്ച ഒരു കേസായിരുന്നുവെന്ന് ആരോപിച്ച് ‘പടവെട്ട്’ സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ രംഗത്തെത്തിയതിന് പിന്നാലെ കുറിപ്പുമായി നടി സജിത മഠത്തില്‍. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ നേരില്‍ കണ്ടതിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന കുറിപ്പാണ് സജിത പങ്കുവച്ചിരിക്കുന്നത്. ഇതെഴുതുമ്പോള്‍ നേരിടാന്‍ ഇടയുള്ള സൈബര്‍ അറ്റാക്ക് എന്താണെന്ന് ഊഹിക്കാമെന്നും കുറിപ്പില്‍ പറയുന്നു.
അന്ന് സഹായം അഭ്യർത്ഥിച്ച് ഡബ്ല്യുസിസിക്ക് വന്ന ഒരു ഇമെയിലിന്റെ തുടർച്ചയായാണ് ജീവിതത്തിൽ യാതൊരു പരിചയവുമില്ലാത്ത ആ പെൺകുട്ടിയെ കാക്കനാടുള്ള മജിസ്ട്രേറ്റിന്റെ വീട്ടുമുറ്റത്തു വെച്ച് ഞാൻ കാണുന്നത്. ഇരുപതുകളിലുള്ള ഒരു പെൺകുട്ടി. മുപ്പതു കിലോ പോലും തൂക്കം കാണില്ല. അവൾക്ക് നടക്കാൻ പരസഹായം വേണമായിരുന്നു. ബലാൽസംഗത്തിനിടയിൽ അവളുടെ ബാക്കിന് പരിക്ക് പറ്റിയിരുന്നു. കഠിനമായ രക്തസ്രാവം അവളെ തളർത്തിയിരുന്നു. മൊഴി കൊടുക്കാനുള്ള മാനസികാവസ്ഥ പോലും അവൾക്കുണ്ടായിരുന്നില്ല. ആ പരിചയപ്പെടൽ വേദനിപ്പിക്കുന്ന ഒരു ചിത്രമായി ഇന്നും മനസ്സിലുണ്ടെന്നും സജിത പറയുന്നു.
പിന്നീട് ഒരിക്കലും ഞങ്ങൾ കണ്ടിട്ടില്ല. ചില സഹായങ്ങൾക്ക് വിളിച്ചിരുന്നു. പറ്റാവുന്നത് ചെയ്തിരുന്നു. ആറു വർഷത്തോളം കഠിനമായ നിയമ പോരാട്ടങ്ങളിലൂടെ അവൾ കടന്നു പോയി. ഒറ്റക്കു തന്നെ. കൂടെ നിൽക്കേണ്ട സർക്കാർ നിയമിച്ച നിയമപാലകർ പോലും തീർത്തും അവളെ കേൾക്കുകപോലും ചെയ്യാതെ അശ്രദ്ധമായി കേസ് കൈകാര്യം ചെയ്തതായി തോന്നി. (എങ്കിലും അവൾ ശക്തമായി അവൾക്ക് പറയാനുള്ളത് പറഞ്ഞിരുന്നു.)
ഇന്നും അവളുടെ അവസ്ഥയിൽ വലിയ മാറ്റമൊന്നുമില്ല. തുടർന്നു കേസ് നടത്താനോ ഇതിനോട് പ്രതികരിക്കാനോ സാധിക്കാത്ത വിധം അവൾ വല്ലാത്ത അവസ്ഥയിലാണ് എന്നാണ് മനസിലാക്കാൻ സാധിച്ചത്. പ്രതിയായ സിനിമാ സംവിധായകനെ എനിക്ക് യാതൊരു പരിചയവുമില്ല. അയാൾ കേസ് ജയിച്ചതിനെ തുടർന്നു മാധ്യമങ്ങളിൽ പറയുന്ന ഗൂഢാലോചന തിയറികേട്ടപ്പോൾ അത്ഭുതം തോന്നി. ഞാൻ നേരിട്ടു കണ്ടത് അപ്പോൾ സത്യമല്ലെ?, സജിത ചോദിക്കുന്നു.
ആരെയും കാണാൻ ഉള്ള അവസ്ഥ അവൾക്കില്ല എന്നറിയാം. എങ്കിലും മനസ്സുകൊണ്ട് ചേർത്ത് പിടിക്കുന്നു. പോരാടി തോറ്റവരുടെതു കൂടിയാണ് ഈ ലോകം. കൂടെ ഉണ്ട് എന്നു പോലും പറയാൻ സാധിക്കാത്തവിധം ഞാനും തളർന്നിരിക്കുന്നു, സജിതയുടെ വാക്കുകള്‍.
നടിയും സംവിധായികയുമായ ഗീതു മോഹൻദാസുമായുണ്ടായ അസ്വാരസ്യങ്ങളെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് തനിക്കെതിരായ പരാതിക്ക് പിന്നിൽ പ്രവർത്തിച്ചതെന്നാണ് കഴിഞ്ഞ ദിവസം ലിജു കൃഷ്ണ ആരോപിച്ചത്. കൊച്ചി സ്വദേശിനിയുടെ ബലാത്സംഗ പരാതിയിൽ കുറ്റവിമുക്തനാക്കപ്പെട്ട ശേഷമായിരുന്നു ലിജുവിന്റെ പ്രതികരണം.
'ഗീതു മോഹൻദാസിന്റെ ഇടപെടലിന്റെ എല്ലാ നാൾവഴികളും കോടതിക്കു മുൻപിൽ വിചാരണ വേളയിൽ പുറത്തു വന്നിട്ടുണ്ട്. കേസ് പരിശോധിച്ചാൽ എല്ലാം മനസ്സിലാകും. 100 ശതമാനം തെളിവോടു കൂടിയാണ് കോടതിയിലെത്തിയത്. പീഡനം നടന്നിട്ടേ ഇല്ല. അവർ പറയുന്ന പോലെ ആരോപണം ഇല്ല. അത്രയും തെളിവുകൾ ഉണ്ടായിട്ടും അവർ (ഗീതു മോഹൻദാസ്) സമ്മർദ്ദം ചെലുത്തിയിട്ടാണ് അന്ന് കേസെടുത്തത്.
എന്റെ വാർത്ത ആഘോഷിക്കപ്പെട്ടതാണ്. ഇങ്ങനെയുള്ള കേസുകൾ വരുമ്പോൾ രണ്ടു ഭാഗവും കേൾക്കാൻ ശ്രമിക്കണമെന്നാണ് എന്റെ അഭ്യർഥന. അങ്ങനെ ചെയ്താൽ ഒരു പക്ഷേ, സത്യം മനസ്സിലാക്കാൻ കഴിയുമായിരിക്കും. കാരണം വലിയ നഷ്ടങ്ങളാണ് ഇതിലൂടെ ഉണ്ടായത്. അഞ്ചു വർഷം കഴിഞ്ഞ് ഇതു തെളിയിച്ചു വരുമ്പോഴേക്കും ജീവിതം കയ്യിൽ നിന്നു പോകുന്ന സാഹചര്യമാണ്. അതുപോലെ ഇവിടത്തെ നിയമപാലകരോട് എനിക്കു പറയാനുള്ളത്, ഗീതു മോഹൻദാസിനെ പോലുള്ള പ്രിവിലജ്ഡ് ആയ വ്യക്തികൾ കൊണ്ടുവരുന്ന കേസുകളുടെ വിശ്വാസ്യത അവരും ഒന്നു പരിശോധിക്കണം. കേട്ട പാതി, കേൾക്കാത്ത പാതി പ്രതിയെന്നു വിളിക്കുന്ന ആളെ കൊണ്ടുപോകുന്നത് സത്യത്തിൽ വേദനാജനകമാണ്,' ലിജു കൃഷ്ണ പറഞ്ഞു.