തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിൽ കോർപ്പറേഷനെ കുറ്റപ്പെടുത്താതെ മന്ത്രി സി.പി.ജോൺ. അപ്രതീക്ഷിതമായി പെയ്ത അതിതീവ്ര മഴയാണ് നഗരത്തിൽ വെള്ളക്കെട്ടിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ ഒൻപത് സെന്റിമീറ്റർ മഴയാണ് പെയ്തത്. സാധാരണ ഒരു ദിവസം കൊണ്ട് ലഭിക്കേണ്ട മഴയാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ പെയ്തത്. ഇത്തരം സാഹചര്യങ്ങളിൽ ആരെയും കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. Also Read: ഒരു മണിക്കൂറിൽ 9 സെന്റിമീറ്റർ മഴ; പെരുമഴയിൽ മുങ്ങി തലസ്ഥാനം
വൃശ്ചിക മാസത്തിൽ ഇത്രയും ശക്തമായ മഴ പ്രതീക്ഷിച്ചിരുന്നില്ലെന്നും തുലാമഴക്കാലത്ത് നഗരത്തിൽ വെള്ളക്കെട്ടുണ്ടായിരുന്നില്ലെന്നും സി.പി. ജോൺ ചൂണ്ടിക്കാട്ടി. വെള്ളക്കെട്ട് ഒഴിവാക്കാൻ റാപ്പിഡ് ആക്ഷൻ സംവിധാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് മേയറുമായി സംസാരിച്ചിട്ടുണ്ട്. എല്ലാവരുടെയും ഭാഗത്തുനിന്ന് ചെറിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടാകാമെന്നും സി.പി.ജോണ്‍.
അതേസമയം, ഒരൊറ്റ മഴയിൽ വെള്ളത്തിനടിയിലായ തിരുവനന്തപുരം നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഓടകളിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്ന ജോലികൾ കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ തുടങ്ങി. മേയർ വി.വി. രാജേഷ് വെള്ളക്കെട്ട് ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഇതിന്‍റെ ഭാഗമായി മേയർ ഹെൽത്ത് സർക്കിൾ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിട്ടുണ്ട്.
ഒറ്റമഴയിൽ നഗരം വെള്ളത്തിലായതോടെ കോർപ്പറേഷനും മേയർക്കുമെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഓടകൾ കൃത്യമായി ശുചീകരിക്കാത്തതും മാലിന്യനിർമാർജനത്തിലെ വീഴ്ചകളുമാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയതെന്നാണ് വിമർശനം. മുംബൈയിലായിരുന്ന മേയർ ഇന്ന് നഗരത്തിലെ വെള്ളക്കെട്ട് ബാധിത പ്രദേശങ്ങൾ സന്ദർശിക്കും.
ഇന്നലെ ഒരു മണിക്കൂറിനുള്ളിൽ പെയ്ത കനത്ത മഴയിൽ നഗരത്തിലെ പ്രധാന കേന്ദ്രമായ തമ്പാനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. നിരവധി വാഹനങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്ത അതിതീവ്ര മഴയാണ് വെള്ളക്കെട്ടിന് കാരണമായതെന്നാണ് കോർപ്പറേഷൻ അധികൃതരുടെ വിശദീകരണം. നഗരത്തിൽ അതിതീവ്ര മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സ്ഥിരീകരിച്ചിട്ടുണ്ട്.