ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് 20 സ്പെഷൽ ബസുകൾ അനുവദിച്ച് കർണാടക ആർടിസി. ഡിസംബർ 22, 23, 24 തീയതികളിലാണ് ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് പ്രത്യേക സർവീസുകൾ നടത്തുക. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോട്ടയം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ബസുകൾ സർവീസ് നടത്തുക.
ഡിസംബർ 22-ന് അഞ്ച് സ്പെഷൽ സർവീസുകളാണുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലേക്ക് ഓരോ ബസ് വീതം സർവീസ് നടത്തും.
ഡിസംബർ 23-ന് ഏഴ് സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തേക്ക് ഒരു ബസും എറണാകുളത്തേക്കും തൃശൂരിലേക്കും രണ്ട് ബസുകൾ വീതവും കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലേക്ക് ഓരോ ബസ് വീതവുമാണ് അനുവദിച്ചിരിക്കുന്നത്.
ഡിസംബർ 24-നാണ് ഏറ്റവും കൂടുതൽ സർവീസുകൾ. എട്ട് ബസുകളാണ് അന്ന് കേരളത്തിലേക്ക് സർവീസ് നടത്തുക. തിരുവനന്തപുരത്തേക്ക് ഒരു ബസും എറണാകുളം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലേക്ക് ഓരോ ബസ് വീതവും തൃശൂരിലേക്ക് രണ്ട് ബസുകളും കണ്ണൂരിലേക്ക് രണ്ട് ബസുകളും സർവീസ് നടത്തും.
20 സർവീസുകളിൽ ഭൂരിഭാഗവും ആഡംബര സ്ലീപ്പര്‍ ഐരാവത് ക്ലബ് ക്ലാസ് വിഭാഗത്തിലുള്ള ബസുകളാണ്. കണ്ണൂരിലേക്കുള്ള രണ്ട് സർവീസുകളിൽ ഒന്ന് എസി സ്ലീപ്പറും മറ്റൊന്ന് ഐരാവത് സ്ലീപ്പറുമാണ്.
ബെംഗളൂരുവിൽനിന്ന് ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന മലയാളി യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് അധിക സർവീസുകൾ. അവധിക്കാലത്ത് സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന സാഹചര്യത്തിൽ കർണാടക ആർടിസിയുടെ അധിക സർവീസുകൾ യാത്രക്കാർക്ക് ആശ്വാസമാകും. സാധാരണ സർവീസുകളിലെ ടിക്കറ്റുകൾ നേരത്തേ തീരാനുള്ള സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്.
തീയതി തിരിച്ചുള്ള സർവീസുകൾ
ഡിസംബർ 22 തിരുവനന്തപുരം (1), എറണാകുളം (1), തൃശൂർ (1), കോട്ടയം (1), പാലക്കാട് (1)
ഡിസംബർ 23 തിരുവനന്തപുരം (1), എറണാകുളം (2), തൃശൂർ (2), കോട്ടയം (1), പാലക്കാട് (1)
ഡിസംബർ 24 തിരുവനന്തപുരം (1), എറണാകുളം (1), തൃശൂർ (2), കോട്ടയം (1), പാലക്കാട് (1), കണ്ണൂർ (2).