e20

TOPICS COVERED

പെട്രോളിലെ എഥനോൾ മിശ്രിതത്തിന്‍റെ അളവ് പരിശോധിക്കാന്‍ ശുദ്ധമായ പെട്രോൾ സാമ്പിളിനായി കേന്ദ്രത്തെ സമീപിച്ച് കേരളം. 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് മന്ത്രി അനൂപ് ജേക്കബ് കത്തയച്ചു. എണ്ണക്കമ്പനികൾ ആദ്യം സാമ്പിൾ നൽകാമെന്ന് സമ്മതിച്ചെങ്കിലും പിന്നീട് പിന്മാറിയെന്നാണ് മന്ത്രിയുടെ ആരോപണം.  

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോൾ മിശ്രിതത്തിന്‍റെ അളവ് പരിശോധിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പ് വിവിധ പെട്രോൾ പമ്പുകളിൽനിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. സാമ്പിളുകൾ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ പരിശോധനയിൽ കൃത്യമായ ഫലം ലഭിക്കാൻ 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിൾ കൂടി വേണമെന്നാണ് ലാബ് അധികൃതർ അറിയിച്ചിരിക്കുന്നത്. 

എഥനോളിന്‍റെ അളവ് നിർണയിക്കാനും താരതമ്യ പരിശോധനയ്ക്കുമുള്ള കാലിബ്രേഷൻ സ്റ്റാൻഡേർഡ് തയ്യാറാക്കാനുമാണ് ശുദ്ധമായ പെട്രോൾ ആവശ്യമായിരിക്കുന്നത്. ഐഒസി, ബിപിസിഎൽ തുടങ്ങിയ എണ്ണക്കമ്പനികൾ സാമ്പിൾ നൽകാമെന്ന് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പിന്മാറി. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് സാമ്പിളുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്. 

പരിശോധനാ ഫലം കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ശാസ്ത്രീയമായ പരിശോധനാ രീതി ഉറപ്പാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്. ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

The Kerala government has approached the central government seeking pure petrol samples to test the ethanol blend in fuel. Food and Civil Supplies Minister Anoop Jacob wrote to the petroleum ministry after oil companies backed down from providing the necessary calibration samples.