kalady-uni

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയും തുടർന്നുള്ള അച്ചടക്ക നടപടികളും ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. വിദ്യാർഥികൾക്കെതിരെ നടത്തിയ അന്വേഷണത്തിൽ സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കപ്പെട്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ സുപ്രധാന ഉത്തരവ്. സസ്പെൻഷൻ ഉത്തരവ്, അന്വേഷണസമിതി രൂപീകരിച്ച ഉത്തരവ്, അന്വേഷണ റിപ്പോർട്ട്, തുടർന്നുള്ള ശിക്ഷാനടപടി എന്നിവയാണ് കോടതി റദ്ദാക്കിയത്. വിദ്യാർഥികൾക്ക് ഉടൻ സർവകലാശാല ക്യാമ്പസിൽ പ്രവേശിച്ച് പതിവ് ക്ലാസുകളിൽ പങ്കെടുക്കാനും കോടതി നിർദേശം നൽകി.

സസ്പെൻഷനിലായിരുന്ന 16 വിദ്യാർഥികളിൽ പരീക്ഷ നഷ്ടമായ 10 പേർക്ക് ആറാഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്തണമെന്നും കോടതി നിർദേശിച്ചു. സർവകലാശാല സുപ്രീംകോടതിയിൽ നൽകിയ ഉറപ്പ് പാലിക്കണമെന്നും കോടതി വ്യക്തമാക്കി. സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിൽ സർവകലാശാലക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിക്കുന്നത്. 

അന്വേഷണ നടപടികളിൽ ഗുരുതര വീഴ്ചകൾ– വിദ്യാർഥികൾക്കെതിരായ നടപടികളിൽ സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങൾ പാലിച്ചിട്ടില്ലെന്നാണ് ഹൈക്കോടതിയുടെ പ്രധാന കണ്ടെത്തൽ. വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത ഉത്തരവിൽ ഓഗസ്റ്റ് 13ന് നടന്ന അനിഷ്ടസംഭവങ്ങളെക്കുറിച്ച് പൊതുവായി പരാമർശിച്ചിട്ടുണ്ടെങ്കിലും യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല. അന്വേഷണസമിതി രൂപീകരിച്ച ഉത്തരവിലും അന്വേഷിക്കേണ്ട ആരോപണങ്ങളുടെ വിശദാംശങ്ങൾ ഉണ്ടായിരുന്നില്ല. അന്വേഷണത്തിന് ഹാജരാകാൻ നൽകിയ നോട്ടിസിലും സംഭവത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയിരുന്നില്ല. വിദ്യാർഥികൾക്കെതിരെ പ്രത്യേക കുറ്റപത്രം നൽകിയിരുന്നില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി.

അന്വേഷണസമിതി ശേഖരിച്ച സാക്ഷിമൊഴികൾ വിദ്യാർഥികൾക്ക് കൈമാറിയിട്ടില്ല. അവയെ ചോദ്യം ചെയ്യാനോ എതിർവാദങ്ങൾ ഉന്നയിക്കാനോ അവസരം നൽകിയിട്ടില്ല. സാക്ഷികളെ വിസ്തരിക്കാനുള്ള അവസരവും ലഭിച്ചില്ല. ഇതെല്ലാം അന്വേഷണ റിപ്പോർട്ടിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന ഗുരുതരമായ വീഴ്ചകളാണെന്ന് കോടതി വിലയിരുത്തി.

അന്വേഷണസമിതി അധികാരപരിധി ലംഘിച്ചു– ഓഗസ്റ്റ് 13ന് സിൻഡിക്കേറ്റ് യോഗത്തിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനായിരുന്നു സമിതിയെ നിയോഗിച്ചത്. എന്നാൽ അതിൽ മാത്രം അന്വേഷണം പരിമിതപ്പെടുത്തിയില്ലെന്ന് കോടതി കണ്ടെത്തി. വിദ്യാർഥികളുടെ മുൻകാല പെരുമാറ്റവും പശ്ചാത്തലവും സംബന്ധിച്ച റിപ്പോർട്ട് സമിതി തേടിയിരുന്നു. ഇതേക്കുറിച്ച് വിശദീകരണം നൽകാൻ വിദ്യാർഥികൾക്ക് അവസരം നൽകിയില്ല.

സർവകലാശാല പി.ആർ.ഒ ജലീഷ് പീറ്റർ ഓഗസ്റ്റ് 14ന് നൽകിയ പരാതിയും പരീക്ഷാ ചുമതലയുള്ള പ്രൊഫസർ ഡോ. വി.കെ. ഭവാനി 2026 മേയ് രണ്ടിന് നൽകിയ പരാതിയും അന്വേഷണസമിതി പരിഗണിച്ചു. എന്നാൽ ഈ പരാതികളുടെ പകർപ്പുകൾ വിദ്യാർഥികൾക്ക് നൽകിയിരുന്നില്ല. വൈസ് ചാൻസലറുടെ നിർദേശപ്രകാരം കെ.എസ്.യു യൂണിറ്റ് സെക്രട്ടറി ഒക്ടോബർ മൂന്നിന് നൽകിയ പരാതിയും വിദ്യാർഥികൾക്ക് കൈമാറിയിരുന്നില്ല. സമിതിക്ക് മറ്റ് പരാതികൾ കൂടി പരിഗണിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ അധികാരമുണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

തെളിവുകൾ പരിശോധിക്കാതെ അന്വേഷണ റിപ്പോർട്ട്– അന്വേഷണ റിപ്പോർട്ടിൽ നടപടിക്രമങ്ങൾ, കണ്ടെത്തലുകൾ, ശുപാർശകൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടായിരുന്നു. എന്നാൽ കണ്ടെത്തലുകളിലേക്ക് എത്താൻ സമിതി ആശ്രയിച്ച തെളിവുകൾ എന്താണെന്നും അവ എങ്ങനെയാണ് വിലയിരുത്തിയതെന്നും റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നില്ല. വിവിധ വ്യക്തികളുടെ മൊഴികൾ രേഖപ്പെടുത്തിയെന്നും മറ്റ് തെളിവുകൾ ശേഖരിച്ചെന്നുമുള്ള പരാമർശങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ശേഖരിച്ച തെളിവുകൾ വിശകലനം ചെയ്തശേഷം കണ്ടെത്തലുകളിലേക്ക് എത്തുന്ന രീതിയിലുള്ള വിശദമായ റിപ്പോർട്ടായിരുന്നില്ല അത്.

വിദ്യാർഥി പരാതി പരിഹാര സമിതിയെ സമീപിക്കണമെന്ന വാദം തള്ളി– ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർവകലാശാലയുടെ പ്രധാന വാദം. 2023ലെ വിദ്യാർഥി പരാതി പരിഹാര ചട്ടങ്ങൾ പ്രകാരം വിദ്യാർഥികൾക്ക് സ്റ്റുഡന്റ്സ് ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റിയെ സമീപിക്കാമെന്നും തുടർന്ന് ഓംബുഡ്സ്മാനെ സമീപിക്കാമെന്നും സർവകലാശാല വാദിച്ചു. എന്നാൽ 

വിദ്യാർഥികൾക്കെതിരായ നടപടികൾ സ്വീകരിച്ചത് സർവകലാശാലയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വൈസ് ചാൻസലർ തന്നെ സംഭവത്തിൽ പരാതിക്കാരനുമാണ്. അത്തരമൊരു സാഹചര്യത്തിൽ സർവകലാശാല തന്നെ നിയോഗിക്കുന്ന പരാതി പരിഹാര സമിതിയും ഓംബുഡ്സ്മാനും എത്രത്തോളം സ്വതന്ത്രമായി വിഷയം പരിഗണിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

84 ദിവസത്തെ സസ്പെൻഷൻ തന്നെ ശിക്ഷയല്ലേ?– വിധിയിലെ ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണങ്ങളിലൊന്ന് വിദ്യാർഥികൾ 84 ദിവസം സസ്പെൻഷനിൽ കഴിഞ്ഞുവെന്നതാണ്. സർവകലാശാലയിൽ അക്രമത്തിന് സ്ഥാനമില്ല. അക്രമമുണ്ടായാൽ അതിനെതിരെ നടപടിയെടുക്കാൻ സർവകലാശാലയ്ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാൽ വിദ്യാർഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശം തകർക്കുന്ന രീതിയിൽ നടപടികൾ സ്വീകരിക്കരുത്. വിദ്യാർഥികൾ 84 ദിവസമായി സസ്പെൻഷനിലാണ്. അതുതന്നെ ഒരു ശിക്ഷയല്ലേയെന്നും കോടതി ചോദിച്ചു. 

വോൾട്ടയറുടെ വാക്കുകൾ ഉദ്ധരിച്ച് കോടതി– "നിങ്ങൾ പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടാകാം. എന്നാൽ അത് പറയാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിക്കാൻ ഞാൻ മരണംവരെ പോരാടും." ഫ്രഞ്ച് ചിന്തകനായ വോൾട്ടയറുടെ പ്രസിദ്ധമായ വാക്കുകൾ ഉദ്ധരിച്ചാണ് കോടതി ഉത്തരവ്. വിദ്യാർഥികൾ വ്യത്യസ്ത മുദ്രാവാക്യങ്ങൾ ഉയർത്തിയേക്കാം. എന്നാൽ അത് അക്രമത്തിലേക്ക് നയിക്കരുത്. വിദ്യാർഥികൾക്ക് തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം. എന്നിരുന്നാലും അവർ ചെറുപ്പക്കാരാണെന്നും അവരുടെ ഭാവി കൂടി പരിഗണിക്കണമെന്നും കോടതി ഓർമിപ്പിച്ചു.

വിദ്യാർഥികളോടുള്ള സമീപനത്തിൽ മാപ്പിന്റെയും സഹിഷ്ണുതയുടെയും പ്രാധാന്യം വ്യക്തമാക്കാൻ മൂന്ന് സംഭവങ്ങൾ കൂടി കോടതി വിധിയിൽ വിവരിച്ചു.

1. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പങ്കെടുത്ത പരിപാടിക്കിടെ വിദ്യാർഥികൾ പ്രതിഷേധിച്ചതും, അവരോട് മൃദുസമീപനം സ്വീകരിക്കാൻ അദ്ദേഹം സർവകലാശാലാ അധികൃതരോട് നിർദേശിച്ചതും 

2. ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 31ന് പങ്കുവെച്ച വീഡിയോ. തെറ്റിദ്ധരിപ്പിക്കപ്പെട്ട കുട്ടികൾക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുകയാണ് വേണ്ടതെന്നും ശിക്ഷിച്ചും കോടതികൾ കയറ്റിയിറക്കിയും സമൂഹത്തിൽ പീഡിപ്പിച്ചും സാഹചര്യം മാറ്റാനാകില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ.

3. കോട്ടയത്ത് മുൻ മുഖ്യമന്ത്രി ഇ.എം.എസ് പങ്കെടുത്ത പരിപാടിയിൽ വിദ്യാർഥികൾ പ്രതിഷേധിക്കുകയും അദ്ദേഹത്തിന് ഹാളിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. പൊലീസ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തെങ്കിലും അവർക്കെതിരെ കേസെടുക്കരുതെന്ന് ഇ.എം.എസ് നിർദേശിച്ചുവെന്നും അടുത്ത ദിവസം തന്നെ വിദ്യാർഥികളുടെ പരാതി പരിഹരിക്കാൻ അദ്ദേഹം മുൻകൈയെടുത്തുവെന്നതും കോടതി നിരീക്ഷിച്ചു.

ക്ഷമിക്കുന്നത് ദൗർബല്യമല്ലെന്നും മനുഷ്യന്റെ അന്തസ്സിനെ ഉയർത്തിപ്പിടിക്കുന്നതാണെന്നും നിരീക്ഷിച്ചാണ് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കിയത്.

ENGLISH SUMMARY:

Kalady Sanskrit University student suspension cancelled by Kerala High Court due to natural justice violations. The court criticized the university's investigation and ordered immediate reinstatement of the 16 students.