കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കി. അന്വേഷണസമിതി റിപ്പോര്‍ട്ടും തള്ളിയ കോടതി വിദ്യാര്‍ഥികള്‍ക്ക് ക്യാംപസില്‍ കയറാമെന്ന് നിര്‍ദേശിച്ചു. 10 വിദ്യാര്‍ഥികള്‍ക്ക് പുതിയ പരീക്ഷ നടത്തണമെന്നും സര്‍വകലാശാല പുതിയ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. വിധിയ്ക്കു പിന്നാലെ സമരപ്പന്തലില്‍ വിദ്യാര്‍ഥികള്‍ ആഹ്ലാദപ്രകടനം നടത്തി. സർവകലാശാലക്ക് മുന്നിൽ 21 ദിവസമായി നടത്തി വന്ന നിരാഹാര സമരം എസ്എഫ്ഐ അവസാനിപ്പിച്ചു.

 

സസ്പെൻഷൻ റദാക്കുക, പരീക്ഷ എഴുതാൻ അനുവദിക്കുക എന്നിവയായിരുന്നു വിദ്യാർഥികളുടെ ആവശ്യങ്ങൾ. ജസ്റ്റിസ്‌ പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് 16 വിദ്യാർഥികളുടെ ഹർജിയിൽ വിധി പറഞ്ഞത്. സസ്പെൻഷൻ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാണ് വിദ്യാർഥികളുടെ വാദം. മാപ്പപേക്ഷ നൽകിയാൽ 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാമെന്നായിരുന്നു സർവകലാശാലയുടെ നിലപാട്. എന്നാൽ മാപ്പ് പറയണമെന്ന നിബന്ധന ചട്ടവിരുദ്ധമാണെന്നും വിദ്യാർഥികൾ വ്യക്തമാക്കി. 

 

വിഷയം നേരത്തെ പരിഗണിച്ച വേളയിൽ സർവകലാശാലയുടെ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ‘രണ്ടു മാസം വിദ്യാർഥികളെ പുറത്തുനിർത്തിയിട്ടും അരിശം തീർന്നില്ലേ, ഇനി എന്ത് മാപ്പ്?’ എന്ന് ചോദിച്ച കോടതി, കുഞ്ചൻ നമ്പ്യാരുടെ ‘അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു’ എന്ന വരികളും ഉദ്ധരിച്ചു. വിദ്യാർഥികളുടെ പ്രവർത്തികളെ ന്യായീകരിക്കുന്നില്ലെങ്കിലും അവർ കുട്ടികളാണെന്ന പരിഗണന നൽകണമെന്നും, വിദ്യാർഥികളായിരിക്കുമ്പോൾ പ്രതിഷേധം നടത്താത്ത എത്ര രാഷ്ട്രീയക്കാരുണ്ടെന്നും കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു. ഒറ്റ സംഭവത്തിൽ രണ്ടു എഫ്ഐആറുകൾ എടുത്തതിനെയും കോടതി ചോദ്യം ചെയ്തിരുന്നു. വിഷയം സർവകലാശാല പരിഹരിക്കണമെന്നും അല്ലാത്തപക്ഷം കോടതി വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നുമായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയത്.

ENGLISH SUMMARY:

Kalady University student suspension was officially quashed by the Kerala High Court, which also dismissed the inquiry committee report and allowed the students back on campus. The court ordered a fresh inquiry and directed the university to conduct new examinations for the affected students.