cm-vd-satheesan-to-meet-catholicos-bava-at-devalokam-kottayam-orthodox-church-discontent

ഓർത്തഡോക്സ് സഭയ്ക്ക് സർക്കാരിനോടുള്ള അതൃപ്തി പരിഹരിക്കുന്നതിനായി അനുനയ നീക്കവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് കോട്ടയത്തെ സഭാ ആസ്ഥാനമായ ദേവലോകത്തെത്തി മുഖ്യമന്ത്രി പരിശുദ്ധ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തും. സുറിയാനി സഭയുടെ പരമാധ്യക്ഷൻ പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി ഉൾപ്പെടെയുള്ള സന്ദർശനങ്ങളും ഇതുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ നിയമോപദേശവുമാണ് ഓർത്തഡോക്സ് സഭയുടെ രൂക്ഷവിമർശനത്തിന് കാരണമായത്.

പാത്രിയാർക്കീസ് ബാവയുടെ സന്ദർശനത്തിന് സൗകര്യമൊരുക്കിയ സർക്കാർ നീക്കം സഭയ്ക്ക് ആഴത്തിൽ മുറിവേൽപ്പിച്ചുവെന്നും സമാധാന ശ്രമങ്ങൾക്ക് തുരങ്കം വെച്ചുവെന്നും കാതോലിക്കാ ബാവയും മെത്രന്മാരും പരസ്യമായി വിമർശിച്ചിരുന്നു. കോടതിയിലും പുറത്തും മുഖ്യമന്ത്രി സമാധാന നീക്കങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ തന്നെ, സർക്കാരിന്റെ ഭാഗത്തുനിന്ന് തെറ്റായ നിയമോപദേശം ഉണ്ടായത് ഖേദകരമാണെന്ന നിലപാടിലായിരുന്നു സഭാ നേതൃത്വം. 

നേരത്തെ വിവിധ ചടങ്ങുകളിൽ സ്പീക്കറെയും മന്ത്രിമാരെയും വേദിയിലിരുത്തി സഭാ പ്രതിനിധികൾ തങ്ങളുടെ അതൃപ്തിയും രോഷവും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സമാധാന ചർച്ചകൾക്കായി ദേവലോകത്തിന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് സഭാ ആസ്ഥാനം വ്യക്തമാക്കിയിരുന്നുവെങ്കിലും, സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികൾ വിശ്വാസത്തെ തകർക്കുന്നതാണെന്ന വിമർശനമാണ് ഉയർന്നത്.

നാളെ കോട്ടയത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി, സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് സഭാ ആസ്ഥാനം സന്ദർശിച്ച് കാതോലിക്കാ ബാവയുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറാകുന്നത്. സഭയുടെ ആശങ്കകൾ പരിഹരിക്കാനും സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുമുള്ള നിർണ്ണായക നീക്കമായാണ് മുഖ്യമന്ത്രിയുടെ ദേവലോകം സന്ദർശനം വിലയിരുത്തപ്പെടുന്നത്. 

ENGLISH SUMMARY:

Chief Minister V.D. Satheesan is set to visit the Orthodox Church headquarters at Devalokam in Kottayam tomorrow at 1 PM to meet the Baselios Marthoma Mathews III Catholicos and resolve the Church's growing discontent with the government. The friction stemmed from the government's legal advice and arrangements facilitating the Syrian Orthodox Patriarch's visit to churches including Manarcad, which the Catholicos and bishops criticized as deeply hurtful and undermining peace efforts.