ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാനെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഉത്തരവായി. അബ്ദുറഹിമാനെ കൂടാതെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു ഷറഫലി എന്നിവരെയും പ്രതിചേർക്കും . ഈ മൂന്നു പേരെയും പ്രതിചേർക്കാൻ അനുമതി തേടി രണ്ടുമാസം മുമ്പ് എസ്ഐടി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
മുൻ കായിക മന്ത്രിയെ പ്രതിചേർക്കാൻ ഗവർണർ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഇന്ന് ഉത്തരവിറക്കിയത്. കായിക മന്ത്രി എന്ന നിലയിൽ അബ്ദുറഹ്മാൻ എടുത്ത പല തീരുമാനങ്ങളും തട്ടിപ്പിന് വഴിവെച്ചു എന്നാണ് എസ് ഐ ടി യുടെ കണ്ടെത്തൽ. അത് കേന്ദ്രീകരിച്ച് വിശദമായി അന്വേഷണം വേണമെന്നാണ് സർക്കാർ ഉത്തരവിൽ രേഖപ്പെടുത്തുന്നത്. ഈ മൂന്നു പേരെയും പ്രതിചേർക്കുന്നതോടെ പ്രതികളുടെ എണ്ണം അഞ്ചാകും.
നടപടിക്രമങ്ങൾ കാറ്റിൽപറത്തിയ സ്പോൺസർ തിരഞ്ഞെടുപ്പ്, സർക്കാർ വകുപ്പുകളെ കാഴ്ചക്കാരാക്കിയുള്ള ഫയൽ നീക്കങ്ങൾ, അടിമുടി ദുരൂഹതകൾ നിറഞ്ഞ കരാറുകൾ. മുൻ കായികമന്ത്രി വി.അബ്ദുറഹിമാൻ നടത്തിയ വഴിവിട്ട നീക്കങ്ങളും ചട്ടലംഘനങ്ങളും അക്കമിട്ടുനിരത്തിയ അന്വേഷണ റിപ്പോർട്ടാണ് എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആഭ്യന്തര വകുപ്പിന് സമർപ്പിച്ചത്. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിൽ 2024 ഡിസംബർ മുതൽ അന്നത്തെ കായികവകുപ്പ് മന്ത്രി, അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫ്, കായികവകുപ്പിലെ ഉദ്യോഗസ്ഥർ, സ്പോൺസർ എന്നിവർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബറിൽ മലപ്പുറത്തുവച്ച് എസ്ഐടി അബ്ദുറഹിമാനെ 3 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിലൂടെ ശേഖരിച്ച വിവരങ്ങൾകൂടി ഉൾപ്പെടുത്തിയാണ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്.
മുൻ മന്ത്രിക്കെതിരെ എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്
∙ ചട്ടങ്ങളെല്ലാം അട്ടിമറിച്ച്, ടെൻഡർ ക്ഷണിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ (ആർബിസി) അർജന്റീന പദ്ധതിയുടെ സ്പോൺസറായി തിരഞ്ഞെടുത്തു. 10 ലക്ഷം രൂപ മാത്രം അടിസ്ഥാന മൂലധനമുണ്ടായിരുന്ന ആർബിസിയുടെ സാമ്പത്തികശേഷി, മുൻകാല ചരിത്രം, സ്പോൺസർക്കെതിരായ ക്രിമിനൽ കേസുകൾ എന്നിവ പരിശോധിച്ചില്ല.
∙ സർക്കാരുമായി ചേർന്നുള്ള പദ്ധതിയുടെ പേരിൽ സ്പോൺസർക്ക് വൻതോതിൽ ധനസമാഹരണം നടത്തുന്നതിനും പരസ്യവരുമാനത്തിലൂടെ കൂടുതൽ സാമ്പത്തികലാഭം നേടുന്നതിനും മന്ത്രിയുടെ നേതൃത്വത്തിൽ വഴിയൊരുക്കി.
∙ അർജന്റീന ടീം കേരളത്തിലെത്താൻ സന്നദ്ധത അറിയിച്ചെന്ന പേരിൽ വ്യാജരേഖ ചമച്ചു സർക്കാരിനെ കബളിപ്പിച്ചു. സർക്കാരുമായി കരാർ ഒപ്പിടാത്ത പദ്ധതിയുടെ പേരിൽ വിദേശത്തേക്ക് പണം അയയ്ക്കുന്നതിന്, സ്പോൺസർക്ക് കേന്ദ്രാനുമതി നേടിക്കൊടുത്തു. അർജന്റീനയിൽനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കും മുൻപേ ടീമിന്റെ വരവ് പ്രഖ്യാപിച്ച് സർക്കാരിനെയും ജനങ്ങളെയും വഞ്ചിച്ചു.
∙ 5 കോടി രൂപയുടെ സാമ്പത്തിക ഇളവ് നിയമവിരുദ്ധമായി നൽകി കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം സ്പോൺസർക്ക് കൈമാറി. ഇതിലൂടെ സർക്കാരിനു വൻ സാമ്പത്തിക നഷ്ടമുണ്ടാക്കി. സ്റ്റേഡിയം കൈമാറ്റത്തിന് കരാറും ഉണ്ടാക്കിയില്ല.
∙ സർക്കാരുമായി ധാരണയിലെത്തുന്നതിനു മുൻപേ, സംസ്ഥാന സർക്കാരിന്റെ പേരിൽ അർജന്റീനയുമായി വ്യാജകരാർ ഒപ്പിടുന്നതിന് സ്പോൺസറായ സ്വകാര്യ കമ്പനിക്ക് ഒത്താശ ചെയ്തു. സർക്കാർ അനുമതിയില്ലാതെ തയാറാക്കിയ വ്യാജകരാറിൽ മന്ത്രിയുടെ ഇ–മെയിൽ വിലാസം ഉൾപ്പെടെയുള്ള ഔദ്യോഗികരേഖകൾ ദുരുപയോഗം ചെയ്തു.
∙ അർജന്റീനയുമായി സ്പോൺസർ ഒപ്പിട്ട വ്യാജകരാറിൽ സാക്ഷിയായി സർക്കാരിന്റെ ഭാഗമായ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഒപ്പിട്ടു. കായികവകുപ്പിനെ മറികടന്ന് ഫയൽ നീക്കങ്ങൾ നടത്താനും സ്പോൺസർക്കു സാമ്പത്തികനേട്ടത്തിന് അവസരമൊരുക്കാനും മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗം സി.സത്യപാലൻ നേരിട്ട് ഇടപെട്ടു.